നിറവോടെ നൂറിലേക്ക് വി എസ്, ആഘോഷങ്ങളില്ലാതെ പിറന്നാൾ; ആശംസകളര്‍പ്പിച്ച് കേരളം

Published : Oct 20, 2022, 06:42 AM ISTUpdated : Oct 20, 2022, 01:18 PM IST
 നിറവോടെ നൂറിലേക്ക് വി എസ്, ആഘോഷങ്ങളില്ലാതെ പിറന്നാൾ; ആശംസകളര്‍പ്പിച്ച് കേരളം

Synopsis

കലഹിച്ചാലും പിണങ്ങിയാലും സിപിഎമ്മിനകത്തെ തിരുത്തലിന്റേയും കരുതലിന്റേയും പേരാണ് വിഎസ്

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. സമരം, വീര്യം, പോരാട്ടം എന്നീ മൂന്നുവാക്കുകള്‍ ചേരുമ്പോഴുള്ള കരുത്താണ്  വേലിക്കകത്ത് ശങ്കരന്‍ അച്യുതാന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ അനാരോഗ്യംമൂലം വിഎസ് പൊതുവേദിയിൽ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോൾ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷവുമില്ല.
 
ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വിഎസ് പൊതുജീവിതത്തിൽ നിന്നും  രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും ഒഴിഞ്ഞിട്ട് 3 വർഷങ്ങളായി. നിലവിൽ  തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്.  2019 ലാണ് വിഎസ് അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂർണവിശ്രമത്തിലാണ് അദ്ദേഹം.

കലഹിച്ചാലും പിണങ്ങിയാലും സിപിഎമ്മിനകത്തെ തിരുത്തലിന്റേയും കരുതലിന്റേയും പേരാണ് വിഎസ്. തുജീവിതത്തിന്‍റെ സജീവതയിൽ നിന്ന് ആ മനുഷ്യൻ വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് പാര്‍ട്ടിയും അണികളും ചിന്തിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായി.  പാര്‍ട്ടിക്കും മുന്നണിക്കും പ്രത്യയ ശാസ്ത്ര വ്യതിയാനം ഉണ്ടായപ്പോഴും , ഒരിക്കലും പ്രതീക്ഷിക്കാത്ത ബന്ധങ്ങളിൽ ഇടതുമുന്നണി ചെന്ന് നിന്നപ്പോഴും വിഎസ് പ്രതികരിക്കണമെന്ന് ആഗ്രഹിച്ചവര്‍ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. 

വലതുപക്ഷ വ്യതിയാനമെന്ന ആരോപണം ഉയരുമ്പോൾ, സംസ്ഥാന നേതൃത്വത്തെ ദേശീയ ഘടകം പൊതിഞ്ഞു പിടിക്കുമ്പോൾ, എന്തിനേറെ വികസനത്തിന്റെ പേരിൽ മുതലാളിത്തത്തോട് സന്ധി ചെയ്യുന്നെന്ന ആക്ഷേപമുയരുന്ന സമീപകാലത്തു പോലും പൊതു സമൂഹത്തിന് മുന്നിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാണ് വിഎസ്.  ചരിത്രം കുറിച്ച തുടര്‍ഭരണത്തിലൂടെ അധികാരത്തിലെത്തിയ പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍ രണ സിരാകേന്ദ്രത്തിന്റെ ഒരു വിളിപ്പാടകലെ മകന്റെ വീട്ടിൽ പരിപൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. ചുറ്റും നടക്കുന്ന എല്ലാം അറിയുന്നുണ്ട്. മിന്നിയും മാ‍ഞ്ഞും മുഖത്ത് തെളിയുന്ന പ്രതികരണങ്ങളിൽ നിന്നാണ് അടുത്ത ബന്ധുക്കൾ അതെല്ലാം വായിച്ചെടുക്കുന്നത്. നിലയ്ക്കാതെ എത്തുന്ന ക്ഷേമാന്വേഷണങ്ങളിൽ നിറയെ നിന്ന് നാടിന് വിഎസിനോടുള്ള സ്നേഹ വായ്പാണ്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം