വി എസിന്‍റെ വലം കൈ, യാത്രയാവുന്നത് പിണറായി പാര്‍ട്ടി പിടിച്ചതോടെ ഗ്രാഫ് താഴേയ്ക്കായ സിപിഎം നേതാവ് 

By Web TeamFirst Published May 2, 2023, 7:16 AM IST
Highlights

വി എസും പിണറായിയും ഇരു ചേരി ആയ മലപ്പുറം സമ്മേളനത്തിൽ പിണറായി പാർട്ടി പിടിച്ചതോടെ എം ചന്ദ്രന്റെ പൊളിറ്റിക്കൽ ഗ്രാഫ് താഴോട്ടായി.

കൊച്ചി: വിഎസിന്‍റെ വലം കൈ ആയിരുന്ന നേതാവാണ് ദീര്‍ഘനാളത്തെ അസുഖത്തിന് പിന്നാലെ ഇന്നലെ അന്തരിച്ച  മുതിര്‍ന്ന സിപിഎം നേതാവ് എം ചന്ദ്രന്‍. ആലത്തൂര്‍ മുന്‍ എംഎല്‍എയായിരുന്ന എം ചന്ദ്രന്‍ പാർട്ടിക്ക് അകത്തും പുറത്തും വി.എസിന്റെ വലം കൈ ആയിരുന്നു. പാലക്കാട്‌ സംസ്ഥാന സമ്മേളനത്തിൽ വി എസ് പിണറായിയെ മുൻ നിർത്തി പാർട്ടി പിടിക്കുമ്പോൾ ഒപ്പം നിന്ന പ്രമുഖനായി. അതെ വർഷം പാർട്ടി സെക്രട്ടറിയേറ്റിലും ചന്ദ്രന്‍ എത്തി. പക്ഷെ വി എസും പിണറായിയും ഇരു ചേരി ആയ മലപ്പുറം സമ്മേളനത്തിൽ പിണറായി പാർട്ടി പിടിച്ചതോടെ എം ചന്ദ്രന്റെ പൊളിറ്റിക്കൽ ഗ്രാഫ് താഴോട്ടായി.

തൃത്താല ഏരിയാ കമ്മിറ്റി രൂപീകരിച്ച ശേഷം ആദ്യത്തെ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1980 - 88 കാലത്ത് കാപ്പൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും കടുത്ത വിഎസ് പക്ഷ നിലപാടാണ് ചന്ദ്രൻ സ്വീകരിച്ചിരുന്നത്. 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയിലേക്കെത്തിയ എം ചന്ദ്രന്‍ 1987 മുതല്‍ 98 വരെ പതിനൊന്നു വര്‍ഷക്കാലം സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016വരെ പത്തുവര്‍ഷമാണ് എം ചന്ദ്രന്‍ നിയമസഭയില്‍ ആലത്തൂരിനെ പ്രതിനിധീകരിച്ചത്. പാലക്കാട് കുമാരനെല്ലൂർ സ്വദേശിയായ എം ചന്ദ്രന്‍ മടങ്ങുന്നത് 77ാം വയസിലാണ്.

ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് നാലരയോടെ ആണ് അന്ത്യം. ഭാര്യ: കെ.കോമളവല്ലി. മക്കൾ: എം.സി.ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം.സി.ഷാബി ( ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ

സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം ചന്ദ്രൻ അന്തരിച്ചു

click me!