പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവായ അദ്ദേഹം മുൻപ് നിയമസഭാംഗമായിരുന്നു
പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അർബുദ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തൃത്താല ഏരിയാ കമ്മിറ്റി രൂപീകരിച്ച ശേഷം ആദ്യത്തെ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1980 - 88 കാലത്ത് കാപ്പൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും കടുത്ത വിഎസ് പക്ഷ നിലപാടാണ് ചന്ദ്രൻ സ്വീകരിച്ചിരുന്നത്.
പാർട്ടിയുടെ കീഴ് ഘടകങ്ങളിൽ നിന്ന് ഉയർന്നു വന്ന നേതാവായിരുന്നു എം ചന്ദ്രൻ. മികച്ച ട്രേഡ് യൂണിയൻ നേതാവും സംഘാടകനും. പാർട്ടിയിൽ പിന്നീട്
വി എസിന്റെ അടുപ്പക്കാരനായി. വിഎസിന്റെ വലം കൈ എന്നായിരുന്നു പാർട്ടിക്ക് അകത്തും പുറത്തും എം ചന്ദ്രന്റെ മേൽവിലാസം. വിഭാഗീയത പാർട്ടിയിൽ നിറഞ്ഞാടിയ കാലത്ത് പാർട്ടി ഫോറങ്ങളിൽ വി എസിന്റെ ശബ്ദമായിരുന്നു ചന്ദ്രൻ.
പാലക്കാട് വെച്ച് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായിയെ മുൻ നിർത്തി വി എസ് പാർട്ടി പിടിക്കുമ്പോൾ ഒപ്പം നിന്ന പ്രമുഖനായിരുന്നു എം ചന്ദ്രൻ. അതേവർഷം തന്നെ അദ്ദേഹം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും എത്തി. എന്നാൽ പാർട്ടിയിൽ വിഎസും പിണറായിയും ഇരു ചേരിയായി. മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്തിയതോടെ എം ചന്ദ്രന്റെ പൊളിറ്റിക്കൽ ഗ്രാഫ് താഴോട്ടായി.
ആലത്തൂരിനെ പ്രതിനിധീകരിച്ച് 2006 മുതല്‍ 2016 വരെ പത്തുവര്‍ഷം നിയമസഭയില്‍ ചന്ദ്രനുണ്ടായിരുന്നു. 1987 മുതല്‍ 98 വരെ നീണ്ട പതിനൊന്ന് വര്‍ഷക്കാലം സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പാലക്കാട് കുമാരനെല്ലൂർ സ്വദേശിയാണ് ഇദ്ദേഹം. സംസ്കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
