രാഹുൽ പഠിച്ചത് 'ഷാഫി' സ്കൂളിൽ, ഹെഡ്മാസ്റ്ററെ സംശയിക്കണോ? പെൺകുട്ടി മന്ത്രിമാരോടൊപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കാൻ ശ്രീകണ്ഠനെ വെല്ലുവിളിച്ച് ശിവൻകുട്ടി

Published : Aug 22, 2025, 10:23 AM IST
V Sivankutty

Synopsis

‘അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം ഞങ്ങളാരും ഉപയോഗിച്ചിട്ടില്ല’

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചേ പറ്റു. എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിന്‍റെ സ്കൂളിൽ പഠിച്ചവരാണ് ഇവരൊക്കെ. വിഷയത്തിൽ പ്രതികരിക്കാതെ ഷാഫി ഒരക്ഷരം മിണ്ടാതെ പോയി. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഷാഫി ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.

അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം ഞങ്ങളാരും ഉപയോഗിച്ചിട്ടില്ല. തരംതാണ നിലയിലുള്ള പ്രസംഗമാണ് നിയമസഭയിൽ നടത്തിയതെന്നും ശിവൻ കുട്ടി ചൂണ്ടിക്കാട്ടി. പെൺകുട്ടിക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ച പാലക്കാട് എം പിക്കെതിരെയും വിദ്യാഭ്യാസ മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിച്ച് ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നു. വിരട്ടി ഭീഷണിപ്പെടുത്താൽ നോക്കേണ്ടെന്നും വി കെ ശ്രീകണ്ഠന് ശിവൻ കുട്ടി മറുപടി നൽകി. മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രീകണ്ഠനെ വെല്ലുവിളിക്കുന്നുവെന്നും ശിവൻ കുട്ടി പറഞ്ഞു. എ കെ ശശീന്ദ്രന്‍റെ വിഷയത്തിന് സമാനമായ സംഭവമല്ലെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. ശശീന്ദ്രന്‍റെ വിഷയത്തിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചാണ് വി കെ ശ്രീകണ്ഠൻ എം പി രംഗത്തുവന്നത്. യുവതിയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വി കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ച്, മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നും വി കെ ശ്രീകണ്ഠൻ എംപി ചോദിച്ചിരുന്നു. ആരോപണമുയർത്തിയ പെൺകുട്ടികൾ ആരും തന്നെ രേഖാമൂലം ഇതുവരെയും പരാതി നൽകിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എം എൽ എ സ്ഥാനം രാജിവെക്കാനാവുമോയെന്നും വി കെ ശ്രീകണ്ഠൻ ചോദിച്ചിരുന്നു. രാഹുലിൻ്റെ ശബ്ദസന്ദേശമാണെന്ന് എങ്ങനെ അറിയും. മാധ്യമങ്ങൾ ഫോറൻസിക് വിദ​ഗ്ധരാണോ. എ ഐ വീഡിയോ ഇറങ്ങുന്ന കാലമാണ്. പുറത്തുവരുന്ന കാര്യങ്ങൾ ഓരോരുത്തരുടേയും വെളിപ്പെടുത്തൽ മാത്രമാണ്. അവരുടെ ​ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. മൂന്നരവർഷം മുമ്പ് നടന്നുവെന്ന കാര്യത്തിന് ഇപ്പോഴെന്ത് കൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. ഇവരുടെയൊക്കെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം ഉന്നയിച്ചയാളുകൾ അർധവസ്ത്രം ധരിച്ചുനിൽക്കുന്നത് കാണുന്നില്ലേ. എന്താണ് ഇതിന്‍റെയൊക്കെ പിന്നിൽ‌. മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചുനിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേ. ഇതിനെല്ലാംപിന്നിൽ ആരുണ്ട്, എന്തുണ്ട് എന്നെല്ലാം പുറത്തുവരണമെന്നും വി കെ ശ്രീകണ്ഠൻ എം പി ആവശ്യപ്പെട്ടു. രാഹുലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചുമുള്ള വി കെ ശ്രീകണ്ഠന്‍റെ പരാമർശത്തിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം