
തിരുവനന്തപുരം: പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തതെന്ന് വകുപ്പ് അറിയിച്ചു.
'സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്‌സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിലവില്‍ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകള്‍ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.' ഈ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൂടാതെ, എസ്.സി.ഇ.ആര്‍.ടി.യിലെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും ഏര്‍പ്പെടുത്തുകയാണ്. ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം 3.30ന് എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ്ഹൗസില്‍ വച്ച് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
ഡിജിറ്റൈസ് ചെയ്യുന്നതിനെ കുറിച്ച് മന്ത്രിയുടെ പ്രതികരണം: ''സ്‌കൂള്‍ പഠനകാലത്തെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങള്‍. മിക്കവരുടെയും പക്കല്‍ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങള്‍ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍..''
'ഒളിച്ചോടി വിവാഹം, നാട്ടിലെത്തിയപ്പോൾ മുൻ ഭർത്താവിന്റെ ക്രൂരത'; നവ ദമ്പതികളുടെ കൊലയിൽ അറസ്റ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam