
തിരുവനന്തപുരം: രണ്ട് കയ്യിലും കളിപ്പാട്ടവുമായി റോഡിലേക്ക് പിച്ചവെച്ച ഒരു വയസ്സുകാരന്റെ വീഡിയോ കാഴ്ചക്കാരെ ഒട്ടൊന്നുമല്ല പേടിപ്പിച്ചത്. മുന്നോട്ട് പോയ ഒരു കാർ കുഞ്ഞിന്റെ അരികിൽ നിൽക്കുന്നതും അതിൽ നിന്നൊരാൾ ഇറങ്ങി വന്ന് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് എടുത്തു കൊണ്ടുവിടുന്നതുമാണ് പിന്നീട് നാം കണ്ടത്. മലപ്പുറം പൊന്നാനിയിലെ മുഹമ്മദ് അജ്മലും ബന്ധുക്കളുമാണ് പാലക്കാട് കൊപ്പത്തുള്ള ഒരു വയസ്സുകാരൻ റിബാനെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
ഈ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് രക്ഷകരായ യുവാക്കള്‍ക്ക് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. ''വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടന്ന പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത പൊന്നാനി സ്വദേശി മുസീറിനെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. മനുഷ്യൻ എത്ര സുന്ദരമായ പദം..!!!'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ.
ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങും വഴിയാണ് കൊപ്പത്ത് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ നിന്ന് ഒരു വയസുകാരനേ രക്ഷപ്പെടുത്തി വീട്ടുകാർക്ക് കൈമാറിയത്. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന വരാൻ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന അജ്മലാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. ഒപ്പമുണ്ടായിരുന്നു മുസീറാണ് വാഹനത്തില്‍ നിന്നിറങ്ങി കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ചത്.
റോഡിലേക്ക് ഒറ്റയ്ക്ക് ഇറങ്ങി പോയ പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കാർ യാത്രക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കൊപ്പം വളാഞ്ചേരി പാതയിലെ ഒന്നാന്തിപടിയിലായിരുന്നു സംഭവം. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വീട്ടിലുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റവും കടന്ന് റോഡിലേക്ക് പിച്ചവെച്ച് നടക്കുന്ന ഒരു വയസുകാരനെ ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. അതിനിടെ വന്നൊരു കാർ കുട്ടിയ്ക്കരികിൽ നിർത്തി കുഞ്ഞിനെ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയായിരുന്നു.
കുഞ്ഞിന് രക്ഷകരായ യുവാക്കള്‍ ഇവിടെയുണ്ട്
നെഞ്ചിടിക്കുന്ന ദൃശ്യം: അമ്മ അറിയാതെ പിഞ്ചുകുഞ്ഞ് റോഡിലേക്ക് ഇറങ്ങി; കാർ യാത്രക്കാർ രക്ഷകരായി