'ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ...'; മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

By Web TeamFirst Published Dec 2, 2019, 7:10 PM IST
Highlights

പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ നൽകി സ്ഥിരമായി ഹെലികോപ്റ്റർ വാടകക്ക് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പരിഹാസം. 

തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്റ്റർ വാടക്ക് എടുക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വി ടി ബല്‍റാം. പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ നൽകി സ്ഥിരമായി ഹെലികോപ്റ്റർ വാടകക്ക് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പരിഹാസം. 

ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ...എന്നാണ് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 

നക്സൽ വിരുദ്ധപ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനത്തിനുമാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നായിരുന്നു വിശദീകരണം. പൊലീസിൻറെ നിലവിലെ നക്സൽ വിരുദ്ധനടപടികൾ തന്നെ വിവാദത്തിലായിരിക്കെയാണ് ഈ ആവശ്യം ഉന്നയിച്ച് ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത്. കരാറിലെ പല വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ട്. ദില്ലി ആസ്ഥാനമായ പവൻഹാൻസ് എന്ന കമ്പനിയുമായി ഈ മാസം 10ന് ധാരണ പത്രം ഒപ്പിടും. ഓരോ മാസവും 20 മണിക്കൂർ പറക്കാൻ 1 കോടി 44 ലക്ഷം രൂപ പൊലീസ് പവൻഹാസൻസിന് നൽകണം. ഇരുപത് മണിക്കൂ‌ർ കഴിഞ്ഞാൽ ഓരോ മണിക്കൂറും 60,000 രൂപയും നൽകണം. വാടകത്തുക  കേന്ദ്രഫണ്ട് വഴി ഉപയോഗപ്പെടുത്തുമെന്നാണ് ആഭ്യന്തരവകുപ്പിലെ ഉന്നത വൃത്തങ്ങളും നല്‍കുന്ന വിശദീകരണം.  

 

ഈ മാസം 15ന് ഹെലികോപ്റ്റർ കേരളത്തിലെത്തും. ഒരു വർഷം മുമ്പ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചർച്ചകള്‍ തുടങ്ങിയിരുന്നു. മഹാപ്രളയത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി സ്വന്തമായ ഹെലികോപ്റ്റർ വേണമെന്ന ശുപാർശ മുന്നോട്ടുവച്ചത്. സർക്കാർ നേരിട്ട് വാടകക്കെടുക്കണമോ, പൊലീസ് മുഖേനയെടുക്കണോയെന്നാതായിരുന്നു പ്രധാന ആശയക്കുഴപ്പം. ഒടുവിൽ ഹെലികോപ്റ്റ‍ർ വാടക്കെടുക്കാൻ ആഭ്യന്തരവകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നൽകുകയായിരുന്നു. 

11 സീറ്റുകളുള്ള ഹെലികോപ്റ്ററാണ് വാടക്കെടുക്കുന്നത്.  ചിപ്സണ്‍ ഏവിയേഷൻ, പവൻ ഹാൻസ് എന്നീ കമ്പനികളാണ് താൽപര്യവുമായി മുന്നോട്ടുവന്നത്. കേന്ദ്രസർക്കാരിന്‍റെ ഓഹരി പങ്കാളിത്തമുള്ള പവൻ ഹാൻസ് മറ്റ് നിരവധി സംസ്ഥാനങ്ങളുമായി ധാരണയുണ്ടാക്കിയത് കണക്കിലെടുത്താണ് ഈ കമ്പനിക്ക് നൽകാൻ തീരുമാനമെടുത്തതത്. ഹെലികോപ്റ്റർ വാടക്ക് എടുക്കാൻ കാരണം പലത് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അടക്കമുള്ള വിഐപികളുടെ യാത്രക്കും  ഉപയോഗിക്കുമോ എന്നുള്ളതും അറിയേണ്ടതുണ്ട്. 

click me!