രാജ്യത്തെ മികച്ച 50 എംഎല്‍എമാരില്‍ ഇടം നേടി വി ടി ബല്‍റാം

By Web TeamFirst Published Aug 15, 2020, 4:48 PM IST
Highlights

ഓണ്‍ലൈന്‍ സര്‍വ്വെയില്‍ തെരഞ്ഞെടുത്ത 1500 എംഎല്‍എമാരില്‍ നിന്ന് തത്പര കക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ട 150എംഎല്‍എമാരാണ് അവസാന റൌണ്ടിലേക്ക് എത്തിയത്. 

ദില്ലി: രാജ്യത്തെ മികച്ച സാമാജികരെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ സര്‍വ്വേയില്‍ കേരളത്തില്‍ നിന്ന് ആകെ ഇടം നേടിയത് തൃത്താല നിയോജക മണ്ഡലം എംഎല്‍എ വി ടി ബല്‍റാം മാത്രം. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് എന്ന മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് രാജ്യത്തെ മികച്ച അമ്പത് എംഎല്‍എമാരുടെ പട്ടികയില്‍ വി ടി ബല്‍റാമും ഇടം നേടിയത്. രാജ്യത്തെ 3958 എംഎല്‍എമാരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 

 31 നിയമസഭകളിലായി 4123 സാമാജികന്മാരാണ് രാജ്യത്തുള്ളത്. എന്നാല്‍ വിവിധ കാരണങ്ങള്‍കൊണ്ട് 165 എംഎല്‍എ സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പാണ്. തത്പരകക്ഷികളിലൂടെ, ഓണ്‍ലൈന്‍, ഡാറ്റ അനലിറ്റ്ക്സ് എന്നിങ്ങനെ മൂന്ന് രീതികളിലൂടെയാണ് സര്‍വ്വേ നടന്നത്. ഓണ്‍ലൈന്‍ സര്‍വ്വെയില്‍ തെരഞ്ഞെടുത്ത 1500 എംഎല്‍എമാരില്‍ നിന്ന് തത്പര കക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ട 150എംഎല്‍എമാരാണ് അവസാന റൌണ്ടിലേക്ക് എത്തിയത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഡാറ്റാ അനലിറ്റ്ക്സ് ഉപയോഗിച്ച് വിലയിരുത്തിയാണ് അവസാന അമ്പത് പേരെ തെരഞ്ഞെടുത്തത്. നിയമസഭകളിലെ പങ്കാളിത്തം, മണ്ഡലങ്ങളിലെ പ്രവര്‍ത്തനം, ചര്‍ച്ചകളിലെ പങ്കാളിത്തം ഇവ ഡാറ്റാ അനലിറ്റ്ക്സിലൂടെയും പരിശോധിച്ചു. 

50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി ടി ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.  ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയും സര്‍വ്വേയില്‍ വിലയിരുത്തി. 

click me!