'തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടിയില്ല'; എക്സ് എംപി പോസ്റ്റ് പിന്‍വലിച്ച് വിശദീകരണവുമായി ബല്‍റാം

By Web TeamFirst Published Jun 16, 2019, 8:56 PM IST
Highlights

ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമർശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല. ചിത്രം വ്യാജമാകാം എന്ന് മാത്രമാണ് മുന്‍ എം പി പറയുന്നത്. എന്നാൽ ബന്ധപ്പെട്ട മുൻ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ബല്‍റാം

തിരുവനന്തപുരം:  ആറ്റിങ്ങല്‍ എം പിയായിരുന്ന സമ്പത്തിന് നേരെ എക്സ് എം പിയുടെ ബോര്‍ഡ് വച്ച കാറിന്റെ ചിത്രം ഉള്‍പ്പെടുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ വിശദീകരണവുമായി വി ടി ബല്‍റാം എംഎല്‍എ. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമർശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ലെന്ന് ബല്‍റാം വിശദമാക്കുന്നു. ചിത്രം വ്യാജമാകാം എന്ന് മാത്രമാണ് മുന്‍ എം പി പറയുന്നത്. എന്നാൽ ബന്ധപ്പെട്ട മുൻ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടിയില്ലെന്നും സിപിഎമ്മുകാര്‍ അതിന് മനസുകാണിക്കുന്നില്ലെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു. 

കോഴിക്കോട് എം കെ രാഘവൻ എംപിക്കെതിരെ ഒരു ഉത്തരേന്ത്യൻ മാധ്യമം വ്യാജവാർത്ത നൽകിയപ്പോൾ അത് ആഘോഷിച്ചവരാണ് ഇവിടത്തെ സിപിഎമ്മുകാർ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവർ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല. വ്യക്തി തർക്കങ്ങളിൽ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോൺഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താൻ അദ്ദേഹമോ പാർട്ടിയോ തയ്യാറായിട്ടില്ല. വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ലെന്ന് വ്യക്തമാക്കിയാണ് ബല്‍റാമിന്റെ പുതിയ പോസ്റ്റ് അവസാനിക്കുന്നത്. 

നേരത്തെ എക്സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിവാദത്തില്‍  ഷാഫി പറമ്പില്‍ എംഎല്‍എ തെറ്റ് സമ്മതിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു. 

വി ടി ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മുൻ എംപിയുടെ കാറിനേ സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക പ്രചരണത്തിനും ശേഷമാണ് ശ്രദ്ധയിൽ പെട്ടത്. അതിനോടുള്ള പ്രതികരണവും ആ വാർത്തകളുടെ സ്വാധീനത്തിലാണ്. പാലക്കാട്ടെ പരാജയപ്പെട്ട എംപിയുടെ സമീപ ദിവസങ്ങളിലെ പ്രതികരണങ്ങളിലെ അപഹാസ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വാർത്തക്കും പ്രാധാന്യം കൈവരുന്നത്. ജനങ്ങൾ നൽകിയ തോൽവിയെ അംഗീകരിക്കാൻ കഴിയാത്ത സിപിഎം നേതാക്കളോടുള്ള രാഷ്ട്രീയ വിമർശനം തന്നെയായിരുന്നു പോസ്റ്റിന്റെ കാതൽ. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമർശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല.

അതിന്റെ മറുവശമെന്നോണം മറ്റ് ചിത്രങ്ങളും വിശദീകരണങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ ബന്ധപ്പെട്ട മുൻ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ചിത്രം വ്യാജമാകാം എന്ന് മാത്രമേ അദ്ദേഹവും പറയുന്നതായി കാണുന്നുള്ളൂ. അത്തരത്തിലുള്ള ഒരു സംശയത്തിന്റെ സാഹചര്യത്തിലാണ് ആദ്യ പോസ്റ്റ് പിൻവലിക്കുന്നത്. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളിൽ ഏതാണ് ഒറിജിനൽ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിൽ കോഴിക്കോട് എം കെ രാഘവൻ എംപിക്കെതിരെ ഒരു ഉത്തരേന്ത്യൻ മാധ്യമം വ്യാജവാർത്ത നൽകിയപ്പോൾ അത് ആഘോഷിച്ചവരാണ് ഇവിടത്തെ സിപിഎമ്മുകാർ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവർ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല. വ്യക്തി തർക്കങ്ങളിൽ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോൺഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താൻ അദ്ദേഹമോ പാർട്ടിയോ തയ്യാറായിട്ടില്ല.

പ്രതികരണങ്ങൾ അതത് സമയത്ത് മുന്നിൽ വരുന്ന വാർത്തകളോടാണ്. മറിച്ചുള്ള വസ്തുതകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ല.

click me!