സ്വന്തം നാട്ടില്‍ പത്താളുടെ പോലും പിന്തുണയില്ല; ടോം വടക്കനെ പരിഹസിച്ച് വിടി ബല്‍റാം

By Web TeamFirst Published Mar 14, 2019, 6:00 PM IST
Highlights

കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കേണ്ടെന്നും ബല്‍റാം 

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പാര്‍ട്ടി മുന്‍ വക്താവ് ടോം വടക്കനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. 

മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനയും മറ്റൊന്നല്ല. 

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നി‍‍‍ർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിക്കുന്നതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 

click me!