സംസ്ഥാനത്ത് കൊവിഷീൽഡ് സ്റ്റോക്ക് തീർന്നു, കോട്ടയത്തും വയനാട്ടിലും കൊവാക്സിൻ മാത്രം

By Web TeamFirst Published Jul 27, 2021, 1:13 PM IST
Highlights

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ കിടക്കുന്നു. കോട്ടയത്ത് ഇനി 3500 ഡോസ് കോവാക്സിൻ മാത്രമേ ഉള്ളൂ. വയനാട് 4000 ഡോസ് കോവാക്സിൻ മാത്രം. ഇത് ഇന്ന് തീരും. കാസർഗോഡ് വാക്സിനില്ലാത്തതിനാൽ ഇത് സെക്കൻഡ് ഡോസുകാർക്ക് മാത്രമാക്കി ചുരുക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ കോവിഷീൽഡ് സ്റ്റോക്ക് പൂർണമായും തീർന്നു. ഇന്നലെ വാക്സിൻ തീർന്ന 4 ജില്ലകൾക്ക് പുറമെ കോട്ടയം, വയനാട് ജില്ലകളിലും ഇനി കോവാക്സിൻ മാത്രമേയുള്ളൂ. കാസർഗോഡ് വാക്സിൻ സെക്കൻഡ് ഡോസുകാർക്ക് മാത്രമാക്കി ചുരുക്കി.  ഇന്ന് ഉച്ചവരെ 35,000 പേർക്കാണ് വാക്സിൻ നൽകാനായത്. 

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ കിടക്കുന്നു. കോട്ടയത്ത് ഇനി 3500 ഡോസ് കോവാക്സിൻ മാത്രമേ ഉള്ളൂ. വയനാട് 4000 ഡോസ് കോവാക്സിൻ മാത്രം. ഇത് ഇന്ന് തീരും. കാസർഗോഡ് വാക്സിനില്ലാത്തതിനാൽ ഇത് സെക്കൻഡ് ഡോസുകാർക്ക് മാത്രമാക്കി ചുരുക്കി.

കണ്ണൂർ ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത് ഒറ്റ വാക്സിനേഷൻ കേന്ദ്രമാണ്. ആകെ 900 പേർക്കേ വാക്സിൻ കൊടുക്കാനായിട്ടുള്ളൂ. സംസ്ഥാനത്ത് ആകെ 577 കേന്ദ്രങ്ങളേ ഇന്ന് പ്രവർത്തിക്കുന്നുള്ളൂ. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ വഴിയും ശേഷിക്കുന്ന കോവാക്സിൻ ഡോസ് വഴിയുമാണ് ഇന്നത്തെ വാക്സിനേഷൻ മുന്നോട്ടു പോകുന്നത്. 29-നേ ഇനി വാക്സിൻ എത്തൂവെന്നാണ് വിവരം. ക്ഷാമം തുടരുന്നതോടെ സെക്കൻഡ് ഡോസുകാർക്ക് മാത്രമായി വാക്സിനേഷൻ ചുരുക്കേണ്ടി വരുന്നതും, ആദ്യഡോസുകാർ ഇനിയും കാത്തിരിക്കേണ്ടി വരുന്നതും പ്രതിസന്ധിയാകും.

കൃത്യമായ രീതിയിൽ കൂടുതൽ ഡോസ് വാക്സീൻ കേരളത്തിന്  അനുവദിക്കണമെന്നാവ‌ശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. 

മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

click me!