മലപ്പുറത്തും കോഴിക്കോടും വാക്സീൻ ക്ഷാമം, നെയ്യാറ്റിൻകരയിൽ വാക്സീൻ കേന്ദ്രത്തിൽ തിരക്ക്

By Web TeamFirst Published May 4, 2021, 9:47 AM IST
Highlights

തലസ്ഥാനത്ത് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ വാക്സീൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടായിരത്തോളം പേരാണ് വാക്സീൻ എടുക്കാനെത്തിയത്.

മലപ്പുറം: വടക്കൻ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം. മലപ്പുറം ജില്ലയിൽ കൊവാക്സീനും കൊവിഷീൽഡും  കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. പുതിയ സ്റ്റോക്ക് വാക്സീൻ ഇനി എന്ന് എത്തുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെയാണ് നിലവിൽ ജില്ലയിൽ വാക്സീൻ വിതരണം ചെയ്യുന്നത്. 

കോഴിക്കോട് ജില്ലയിലും വാക്സീൻ ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ 5000 ഡോസ് കൊവിഷീൽഡ് വാക്ശീൻ മാത്രമാണ് സ്റ്റോക്കുള്ളത്. സാധാരണ 15,000 ഡോസ് വാക്സിനാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഈ സ്ഥാനത്ത് ഇന്ന് മൂന്നിലൊന്ന് വാക്സീൻ മാത്രമേ വിതരണത്തിനുള്ളു. ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്സീനേഷൻ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അതേ സമയം തലസ്ഥാനത്ത് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ വാക്സീൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടായിരത്തോളം പേരാണ് വാക്സീൻ എടുക്കാനെത്തിയത്. ടോക്കൻ ലഭിക്കാത്തവരും എത്തിയതോടെയാണ് തിരക്ക് വർധിച്ചത്. 

click me!