വടക്കഞ്ചേരി അപകടം:' കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം, ഉടൻ നഷ്ടപരിഹാരം അനുവദിക്കണം'

By Web TeamFirst Published Oct 6, 2022, 3:37 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്.സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകൾ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് ജാഗ്രത പാലിച്ചിരുന്നെങ്കിൽ വൻ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

 

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.

ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്.  മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ഒളിവിലാണ്. 

click me!