വടകര സജീവന്‍റെ മരണം: അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്

Published : Jul 23, 2022, 03:23 PM IST
വടകര സജീവന്‍റെ മരണം: അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്

Synopsis

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഉത്തരമേഖല ഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്നാണ് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്.

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഉത്തരമേഖല ഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്നാണ് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 

വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ  മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാലാണ് എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു.  മരണകാരണം ഹൃദയാഘാതമെന്ന പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. 

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുൾപ്പെടെ എടുത്ത ശേഷം മാത്രമേ, സംസ്ഥാന പൊലീസ് മേധാവിക്ക് ഐ ജി റിപ്പോർട്ട് സമർപ്പിക്കൂ. അന്വേഷണം തുടങ്ങിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പൊലീസ് സർജനിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. സംഭവം നടന്ന വടകര പൊലീസ് സ്റ്റേഷൻ പരിസരത്ത് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമുണ്ട്. സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്ന അനസ്, ബന്ധു അർജ്ജുൻ എന്നിവരുടെ വിശദമായ മൊഴി ഇന്നുതന്നെ ഉത്തരമേഖല ഐജിയുടെ സാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തും. 

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ്  കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

Also Read: ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല, ക്രൂരമായി മർദ്ദിച്ചു; വടകര പൊലീസിനെതിരെ ഗുരുതര ആരോപണം

മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്‍ന്നാണ് എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്. 

 

PREV
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു