വടകര കസ്റ്റഡി മരണം: സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം  

Published : Jul 27, 2022, 10:21 AM ISTUpdated : Jul 27, 2022, 10:31 AM IST
വടകര കസ്റ്റഡി മരണം:  സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം  

Synopsis

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സർജ്ജന്‍റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം  കസ്റ്റഡിയിലെടുക്കും

കോഴിക്കോട് : കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സർജ്ജന്‍റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം  കസ്റ്റഡിയിലെടുക്കും. സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുൻപാണോ ശേഷമാണോ എന്നറിയുകയാണ് ലക്ഷ്യം. 

സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്  ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചങ്കിലും മൂന്ന് പേരും അന്വേഷണസംഘത്തിന്ന് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്. ഇന്ന് ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിലവിൽ നിർദേശം നൽകിയത്. ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. 

വടകര സജീവന്‍റെ മരണം;കൂട്ട അച്ചടക്ക നടപടി, സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം

വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ  മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. 

പൊലീസ് സ്റ്റേഷനിൽ അന്ന് നടന്നത്...

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ്  കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല, ക്രൂരമായി മർദ്ദിച്ചു; വടകര പൊലീസിനെതിരെ ഗുരുതര ആരോപണം

മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്