പൊലിഞ്ഞത് 9 ജീവനുകള്‍; കേരളം കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്

By Web TeamFirst Published Oct 6, 2022, 7:31 AM IST
Highlights

മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. 

വടക്കാഞ്ചേരി:  ദാരുണമായ അപകട വർത്തയിലേക്കാണ് ഇന്ന് കേരളം കണ്ണുതുറന്നത്. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിലാണ് 9 മരണം സംഭവിച്ചത് മരിച്ചവരിൽ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്.വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ അപകടം ഉണ്ടായത് രാത്രി 11.30 നു ആയിരുന്നു.

മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു.വി.കെ (33) ആണ് മരിച്ച അധ്യപകന്‍.  ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്ആർടിസിയിലെ യാത്രക്കാർ.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്‌ളാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം പേരാണ് കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്.  പരിക്കേറ്റ നാല്പതോളം പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. 

കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. പരിക്കേറ്റ നാല്പതോളം പേർ നെന്മാറ അവിറ്റിസ്, പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ ക്രസന്റ് ആശുപത്രി , തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം, കെഎസ്ആർടിസിയിൽ ഇടിച്ചുകയറിയ ബസ് തലകീഴായി മറിഞ്ഞ് നിരങ്ങി നീങ്ങി

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയെന്ന് ദൃക്സാക്ഷി

click me!