
കൊച്ചി: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെയും കുടുംബത്തെയും ആരോപണ മുനയിൽ നിർത്തിയ വൈദേകം റിസോർട്ട് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹർജിയിൽ, കേരള ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. അന്വേഷണ പുരോഗതിയില്‍ വിശദീകരണം തേടിക്കൊണ്ടാണ് നോട്ടീസ് അയച്ചത്. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം നൽകാമെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ഈ മാസം 22 ന് പരിഗണിക്കാനായി മാറ്റി. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂർ സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് റിസോർട്ടിൽ നിക്ഷേപമുണ്ടെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ.