
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ മുൻ സ്പീക്കറും മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമന്‍റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. തിരുവനന്തപുരം വക്കത്തെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. രാവിലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ നേതാക്കള്‍ വക്കത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് വക്കം പുരുഷോത്തമന്‍ അന്തരിച്ചത്. നേരത്തെ ഡിസിസി ഓഫീസിലും കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ കരുത്തുറ്റ നേതാവായിരുന്നു വക്കം. കർക്കശക്കാരനായ സ്പീക്കറുടെയും മികച്ച ഭരണാധികാരിയുടെയും റോളിൽ മിന്നിത്തിളങ്ങിയ ചരിത്രമായിരുന്നു വക്കം പുരുഷോത്തമന്റേത്. എംഎൽഎമാരെ വരച്ചവരയിൽ നിർത്തിയിരുന്ന സ്പീക്കറായിരുന്നു വക്കം. തലമുതിർന്ന അംഗമായാൽ പോലും ഒരു മയവുമില്ലാതെ വടിയെടുക്കാൻ മടിക്കാത്ത വക്കം പുരുഷോത്തമന്റെ ശൈലി നിയമ സഭാ ചരിത്രത്തിലെ നിർണ്ണായക ഏടായിരുന്നു. ഏറ്റവും കൂടുതൽ കാലം സ്പീക്കറായതിൻറെ റെക്കേർഡ് അദ്ദേഹത്തിന്റെ പേരിലാണ്.
അഭിഭാഷക ജോലിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വക്കത്തിന് മുന്നിൽ വാദിച്ചു ജയിക്കാൻ കഴിയാതെ എതിരാളികൾ പോലും പതറി. 1982 ൽ സ്പീക്കർ പദവിയിൽ നിന്നും രാജിവച്ച് ആലപ്പുഴ വഴി ലോക്സസഭയിലേക്ക് മത്സരിച്ചു. ലോക്സഭാ കാലം മുഴുവൻ ചെയർമാൻ പാനലിൽ തുടർന്നു. കന്നിയങ്കത്തിൽ ആറ്റിങ്ങലിൽ തോറ്റുവെന്നും പിന്നീട് 1970 മുതൽ നാലുതവണ ആറ്റിങ്ങൽ എംഎൽഎയായിരുന്നു. 1971 ൽ അച്യുതമേനോൻ മന്ത്രിസഭയിലും 1980 ൽ നായനാർ മന്ത്രിസഭയിലും പിന്നെ 2004 ൽ ആദ്യ ഉമ്മൻ ചാണ്ടി സർക്കാറിലും മന്ത്രിയായിരുന്നു.
Read More: 'കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായത്'; അനുശോചിച്ച് മുഖ്യമന്ത്രി
കോൺഗ്രസ് ഗ്രൂപ്പ് പോരിൽ ഒരേ സമയം ലീഡർക്കൊപ്പവും എതിർചേരിയിലും മാറിമാറി നിലകൊണ്ടതാണ് വക്കം പുരുഷോത്തമന്റെ ചരിത്രം. 2003ൽ എകെ ആൻറണി സർക്കാറിനെ വീഴ്ത്താനുള്ള ലീഡറുടെ തന്ത്രങ്ങൾ പൊളിച്ചത് ഉമ്മൻചാണ്ടിയും സ്പീക്കറായിരുന്ന വക്കവുമായിരുന്നു. കടവൂർ ശിവദാസനൊപ്പം 21 ഐ ഗ്രൂപ്പ് എംഎൽഎമാർ പ്രത്യേക ബ്ലോക്കായിരിക്കാൻ നോട്ടീസ് കൊടുക്കാനുള്ള നീക്കം അറിഞ്ഞ ഉമ്മൻചാണ്ടിയുടെ നീക്കത്തിന് സഹായമേകി. തുടർന്ന് അയോഗ്യതാ ഭീഷണി മുഴക്കിയ വക്കം. 2004 ൽ ആൻറണി മാറിയപ്പോൾ ഒരുവേള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ വക്കം പരിഗണനയിലുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്കായി എ ഗ്രൂപ്പ് നിലകൊണ്ടപ്പോൾ ഐ പക്ഷം വക്കത്തെ തുണച്ചു. എഐസിസി ഹിതപരിശോധനക്ക് തയ്യാറായെങ്കിലും ഒടുവിൽ വക്കം പിന്മാറുകയായിരുന്നു.
ആദ്യ ടേമിൽ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിനോട് താത്പര്യം കാട്ടാതിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ചത് ധനമന്ത്രിയായിരുന്ന വക്കമായിരുന്നു. ദാവോസിൽ വീണ് ഉമ്മൻചാണ്ടിക്ക് പരിക്ക് പറ്റിയപ്പോൾ കുറച്ചുകാലം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചതും ചരിത്രമാണ്. ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിൻറെ സങ്കടം മാറും മുമ്പാണ് കോൺഗ്രസ് തറവാട്ടിലെ കാരണവരായ വക്കം പുരുഷോത്തമനും ചരിത്രമായിരിക്കുന്നത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്