
തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്. ഒരുക്കങ്ങൾക്ക് റെയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കിട്ടി.
വികസനപാതയിൽ അതിവേഗം കുതിക്കാൻ കേരളത്തിനൊടുവിൽ വന്ദേഭാരത് വരുന്നു. 'യുവം' പരിപാടിയിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ തിരുവനന്തപുരം കൂടി ഉൾപ്പെടുത്തി എന്നാണ് പുതിയ വിവരം. വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് നീക്കം. പുതിയൊരു വന്ദേഭാരത് ട്രെയിനിന്‍റെ നിർമ്മാണം ഇതിനകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാകും വന്ദേഭാരത് സർവ്വീസ് എന്നാണ് വിവരം. 160 കിലോ മീറ്ററാണ് വന്ദേഭാരത് ട്രെയിനിന്‍റെ പരമാവധി വേഗത. പക്ഷെ കേരള സെക്ടറിൽ ട്രാക്കിന്‍റെ വളവും തിരിവും കാരണം പരാമവധി 110 കിലോ മീറ്ററാകും വേഗത.
സ്റ്റോപ്പുകൾ കുറച്ച് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നത് നേട്ടം. കെ റെയിലിന് കേന്ദ്രം റെഡ് സിഗ്നലിട്ട സമയത്ത് വന്ദേഭാരത് വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചിരുന്നു. സിൽവർലൈനോട് മുഖം തിരിച്ചതോടെ കേന്ദ്രം വികസനവിരുദ്ധ നിലപാടെടുക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫ് ഉയർത്തിയിരുന്നു. വന്ദേഭാരത് വഴി ഇതിന് തടയിട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ രാഷ്ട്രീയനേട്ടവും ബിജെപി ലക്ഷ്യമിടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam