
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗ സമയത്ത് വന്ദേമാതരം മുഴുവൻ പാടാത്തതിൽ ഗവർണർക്ക് പ്രതിഷേധം. സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദേശം വി ഡി സതീശൻ സർക്കാർ തള്ളി. ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് പരസ്യ വിമർശനം ഉന്നയിച്ച ഗവർണർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. സർക്കാർ നടപടിയെ ബിജെപി വിമർശിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെ പിന്തുണച്ചു.
പൊലീസ് ബാൻഡ് വന്ദേമാതരം ഭാഗികമായി വായിച്ചപ്പോൾ ആകാംക്ഷ മുഴുവൻ ഗവർണറുടെ നടപടിയിലായിരുന്നു. പക്ഷെ ആർലേക്കർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചു. എന്നാൽ സഭ വിട്ട ശേഷം അതൃപ്തി പരസ്യമാക്കി. വന്ദേമാതരം ഭാഗികമായി വായിച്ചാൽ മതിയെന്ന് സ്പീക്കറോടും നിയമസഭാ സെക്രട്ടരിയേറ്റിനോടും നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ഇന്നലെ റിഹേഴ്സൽ സമയത്തെത്തിയ ലോക്ഭവൻ ഉദ്യോഗസ്ഥർ, വന്ദേമാതരം മുഴുവൻ പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു. വി ഡി സതീശൻ സംഘപരിവാറിന് കീഴടങ്ങിയെന്ന് അന്ന് സിപിഎം ആരോപിച്ചു. മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നുവെന്നും തീരുമാനമെടുത്തത് ലോക്ഭവനാണെന്നും അന്ന് വി ഡി സതീശൻ വിശദീകരിച്ചു.
അന്നത്തെ വിവാദം കൂടി കണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് വന്ദേമാതരം നയപ്രഖ്യാപന പ്രസംഗത്തിൻറെ തുടക്കത്തിലും അവസാനവും ഭാഗികമായി മാത്രം പാടിയത്. ബിജെപി പ്രശ്നം രാഷ്ട്രീയ ആയുധമാക്കിയപ്പോൾ എൽഡിഎഫ് സർക്കാരിനൊപ്പം നിന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട കാര്യം ഇല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വന്ദേമാതരം ഇരുന്ന് കേട്ടാൽ പോലും മതി. മുഴുവൻ ചൊല്ലൽ ആർഎസ്എസ് അജണ്ടയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam