
പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ റിമാൻഡിൽ. ഫേസ്ബുക്കിൽ വിമർശന കമൻ്റിട്ടതിനാണ് പനയൂർ സ്വദേശി വിനേഷിനെ മർദ്ദിച്ചത്. ഡിവൈഎഫ്ഐ നേതാക്കളെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ ഷൊർണ്ണൂർ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, ഡിവൈഎഫ്ഐ കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്, കിരൺ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഈ മാസം 24 വരെ 14 ദിവസത്തേക്കാണ് റിമാൻഡ്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിനേഷ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് പോസ്റ്റിനു താഴെ കമന്റിട്ടു. ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിൻ്റെ നേതൃത്വത്തിൽ 6 അംഗ സംഘം വിനേഷിനെ മർദ്ദിച്ചത്. വാണിയംകുളം ചന്തയ്ക്ക് സമീപത്തും പനയൂരിൽ വച്ചും വിനേഷിനെ സംഘം ക്രൂരമായി ആക്രമിച്ചു. തലയ്ക്കും ശരീരത്താകെയും പരുക്കേറ്റ വിനേഷിനെ ആരോ ഓട്ടോറിക്ഷയിൽ വീട്ടുമുറ്റത്ത് എത്തിച്ചു
ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന് വിനേഷ് ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവർ കോഴിക്കോട് വെച്ച് പോലീസിന്റെ പിടിയിലായി. വിനീഷിന്റേത് പാർട്ടി കുടുംബമാണെന്നും സംഭവം പരിശോധിച്ച നടപടി സ്വീകരിക്കുമെന്നും സിപിഎം ഏരിയ സെക്രട്ടറി പ്രതികരിച്ചു ആക്രമണം നടന്ന വാണിയംകുളത്തും പനയൂരിലും പൊലീസ് തെളിവെടുപ്പ് നടത്തി. സഹപ്രവർത്തകരുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിനേഷ് വെൻ്റിലേറ്ററിൽ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുകയാണ്.
വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യതയെന്നാണ് ഡോക്ടർ ബിജു ജോസ് വ്യക്തമാക്കുന്നത്. വിനേഷിൻ്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർ പറഞ്ഞു. ഇപ്പോഴും വിനേഷ് അബോധാവസ്ഥയിലാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണ്. വിനേഷിനെ കൂർത്ത ആയുധം കൊണ്ട് അടിച്ച സൂചനയില്ല. എന്നാൽ നിലത്ത് വീണുണ്ടായ പരുക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരുക്കില്ല. ആന്തരിക ക്ഷതമാണ് പ്രധാനമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam