കലോത്സവ നഗരിയില്‍ സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി വിവിധ വകുപ്പുകള്‍

Published : Dec 31, 2022, 08:31 AM IST
കലോത്സവ നഗരിയില്‍ സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി വിവിധ വകുപ്പുകള്‍

Synopsis

ജനുവരി 3 മുതല്‍ 7 വരെ ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കം കോഴിക്കോട് നഗരിയില്‍  അരങ്ങേറുമ്പോള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം മുഴുവന്‍ വകുപ്പുകളും അക്ഷീണം പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുകയാണ്.


കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ഉണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. കേരള സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജനുവരി 3 മുതല്‍ 7 വരെ ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കം കോഴിക്കോട് നഗരിയില്‍  അരങ്ങേറുമ്പോള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം മുഴുവന്‍ വകുപ്പുകളും അക്ഷീണം പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുകയാണ്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. കലോത്സവ നഗരിയിലെ എല്ലാ വേദികളിലും മെഡിക്കല്‍ ടീമിനെ ഒരുക്കി ആരോഗ്യവകുപ്പ് കൂടെ തന്നെയുണ്ടാകും. ഒരു വിളിക്കപ്പുറം ആംബുലന്‍സുകളും റെഡിയായിരിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങള്‍ ഒരുക്കിയ ആംബുലന്‍സുകളാണ് മറ്റൊരു പ്രത്യേകത. ആരോഗ്യവകുപ്പിന്‍റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ ടീമുകള്‍ കലാകാരന്‍മാരെയും കാണികളെയും നിരന്തരം വീക്ഷിക്കും. ഒരു ടീമില്‍ മിനിമം ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കും. ഒരു നഴ്സിംഗ് ഓഫീസറും ഒരു നഴ്സിംഗ് അസിസ്റ്റന്‍റും സംഘത്തില്‍ ഉള്‍പ്പെടും.

മുഖ്യ വേദിയായ വിക്രം മൈതാനില്‍ ഒന്നിലധികം മെഡിക്കല്‍ ടീമുകള്‍ സജ്ജമാണ്. കൂടാതെ എല്ലാ വേദികളിലും മെഡിക്കല്‍ ടീമിനെ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ ടീം എല്ലാ വേദികളിലും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള മരുന്നുകളും  ഫസ്റ്റ്  എയ്ഡ് സൗകര്യങ്ങളുമായി കലോത്സവ നഗരിയില്‍ ആരോഗ്യവകുപ്പ്  നിറസാന്നിദ്ധ്യം അറിയിക്കും.

കലാ മാമാങ്കത്തിന് എത്തുന്നവര്‍ക്ക് കുടിവെള്ളം മുട്ടില്ലെന്ന് ഉറപ്പ്. വേദികളിലും പരിസരങ്ങളിലും ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ജലവിഭവ വകുപ്പ് ഒരുക്കുന്നത്. വേദികളിലെല്ലാം കുടിവെള്ള സൗകര്യമൊരുക്കും. കലാപ്രതിഭകള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്ന ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ 5,000 ലിറ്ററിന്‍റെ മൂന്ന് ടാങ്കുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കുമായി വെള്ളം ടാങ്കറുകളില്‍ വിതരണം നടത്തും. കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്‌നിശമന സേനയും രംഗത്തുണ്ടാകും. കലോത്സവ നഗരിയിലെ പ്രധാന വേദിയായ വിക്രം മൈതാനിയില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാനപ്പെട്ട നാല് വേദികളിലും അഗ്‌നിശമന യൂണിറ്റുണ്ടാകും. എക്സിബിഷന്‍ ഹാളിലും ഊട്ടുപ്പുരയിലും പ്രത്യേക സുരക്ഷയും ഫയര്‍ഫോഴ്സ് ഏര്‍പ്പെടുത്തും. കൂടാതെ സുരക്ഷക്കായി എല്ലാ വേദികളിലും രണ്ട് വീതം ഫയര്‍മാന്‍മാരെയും സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരെയും ഏര്‍പ്പെടുത്തും. 

കലോത്സവ രാവുകള്‍ പ്രകാശ പൂരിതമാക്കാന്‍ കെ എസ് ഇ ബി പ്രവര്‍ത്തന സജ്ജമായി. മത്സരങ്ങള്‍ നടക്കുന്ന മുഴുവന്‍ വേദികളിലും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കും. വേദികളിലും പരിസരപ്രദേശങ്ങളിലും വെളിച്ചം പകരുക എന്നതിനൊപ്പം കെ എസ് ഇ ബിയുടെ സ്റ്റാളും കലോത്സവ നഗരിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ വിവിധ  പദ്ധതികളെക്കുറിച്ചും കെ എസ് ഇ ബിയുടെ സേവനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം ജനങ്ങളെ അറിയിക്കുന്നതിനുള്ള സ്റ്റാളാണ് ഒരുക്കിയിട്ടുണ്ട്. കലോത്സവം നടക്കുന്ന വേദികളുടെയും സ്റ്റാളുകളുടെയും ബലവും സുരക്ഷയും  ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പും രംഗത്തുണ്ടാകും. കലോത്സവ മൈതാനങ്ങളിലെ കുണ്ടും കുഴികളും അടയ്ക്കും. വേദിയിലേയ്ക്കുള്ള വഴിയുടെ നിലവാരവും പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തും.

കേരള സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിത ചട്ട പ്രകാരമാണ് നടക്കുക. ഇതിന് നേതൃത്വം കൊടുക്കുന്നത് ശുചിത്വ മിഷനാണ്. ഇതിനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ചു എന്ന് മാത്രമല്ല 1,000 കുട്ടികളെ ഗ്രീന്‍ ബ്രിഗേഡുകളായി ഇതിനോടകം സജ്ജരാക്കി കഴിഞ്ഞു. മൂന്ന് ബാച്ചുകളിലായി സെന്‍റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബിഇഎം ജിഎച്ച്എസ്എസ്, ജിജിഎച്ച്എസ്എസ് നടക്കാവ്  എന്നിവിടങ്ങളിലായിരുന്നു ബ്രിഗേഡുകള്‍ക്കായുള്ള ക്യാമ്പ് ഒരുക്കിയത്. പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പ്രകാരമായിരിക്കും കലോത്സവമെന്ന് ഇവര്‍ ഉറപ്പുവരുത്തും. ശുചിത്വമിഷന്‍റെ ഭാരവാഹികള്‍  ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുപ്പിവെള്ളം ഒഴിവാക്കാന്‍ പാലക്കാട് നിന്നും ഇറക്കുമതി ചെയ്ത മണ്‍കൂജകള്‍ കലോത്സവ നഗരിയില്‍ എത്തിക്കഴിഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്