
തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. തീ പടർന്നത് വീടിൻ്റെ കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ട്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർ ഫോഴ്സിൻ്റെ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നത്.
വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിഞ്ഞതെന്നാണ് നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു.
തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേർ മരിക്കാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam