
തൃശ്ശൂർ: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് വർഷങ്ങളായിട്ടും നഷ്പരിഹാരം ലഭിക്കാത്തതിന്റെ മറ്റൊരു ഇരയാണ് തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി കുട്ടൻ. സുനാമി പുനരധിവാസത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതോടെ, തുടങ്ങിവെച്ച വീടുപണി പാതിവഴിയില്‍ നിര്‍ത്തി. വര്‍ഷങ്ങളോളം ഗൾഫിൽ ജോലിയെടുത്ത് നേടിയ ഏക സമ്പാദ്യമായ സ്ഥലത്തിന് കുട്ടന് ഇതുവരെ നഷ്ടപരിഹാരവും ലഭിച്ചില്ല.
കൊടുങ്ങല്ലൂരിന് സമീപം എടവിലങ്ങാണ് കുട്ടന്റെ വീട്. അനാഥപ്രേതം പോലെ വീട് കിടക്കാൻ തുടങ്ങിയിട്ട് വര്‍ഷം 12 ആയി. എടവിലങ്ങ് സ്വദേശി കുട്ടൻ 40 വര്‍ഷം ഗള്‍ഫില്‍ പണിയെടുത്തതിൻറെ ആകെ സമ്പാദ്യമാണ് 79 സെൻറ് സ്ഥലവും വീടും. 50 സെൻറ് സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കാനായിരുന്നു പദ്ധതി. ബാക്കി 29 സെൻറ് സ്ഥലത്ത് 2008ല്‍ മകന് വേണ്ടി വീട് പണി തുടങ്ങി. 10 ലക്ഷം രൂപ ചെലവാക്കി.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം സുനാമി പുനരധിവാസത്തിന് സർക്കാർ ഭൂമി ഏറ്റെടുത്തെന്ന വിജ്ഞാപനം വന്നതോടെ പണി നിന്നു. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകള്‍ ലഭിക്കുന്നത് 2010 മാര്‍ച്ചിലായിരുന്നു. 12 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരമായി അഞ്ച് പൈസ പോലും സർക്കാരിൽ നിന്ന് കിട്ടിയില്ല.
ഇപ്പോള്‍ അന്നന്നത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് കുട്ടന്റെ ജീവിതം. അയല്‍വാസികളുടെ വിറകു സൂക്ഷിക്കാനും തുണിയുണക്കാനുമുളള ചായ്പ് മാത്രമായി മാറി ഈ വയോധികൻ ഒരായുസ് കൊണ്ട് നേടിയ സമ്പാദ്യം. സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ഇപ്പോഴും കുട്ടന് തന്നെയാണ്. എന്നാല്‍ നികുതി അടക്കാനോ ഇടപാടുകള്‍ നടത്താനോ കഴിയാത്ത സ്ഥിതിയാണ്. നികുതി അടക്കാൻ കഴിയുമോയെന്ന് അറിയാൻ എല്ലാ വര്‍ഷവും സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയെന്നാണ് ഓഫീസുകളിൽ നിന്നുളള സ്ഥിരം മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam