
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാന സാക്ഷി ശങ്കർ ബഷ്വാന്‍. രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടെന്നും യുവതികൾ ഇരുന്നതിന്‍റെ എതിര്‍വശത്ത് നിന്നാണ് സുരേഷ് കുമാർ സിഗരറ്റ് വലിച്ചത്. ഇവിടെ നിന്ന് വലിക്കാൻ പാടില്ലെന്ന് യുവതികൾ പ്രതികരിച്ചു, ഇതേ ചൊല്ലി വഴക്കുണ്ടായെന്നും ശങ്കർ പറഞ്ഞു. കൂടാതെ 15 മിനിട്ടിന് ശേഷം ട്രെയിനിലെ ഗാര്‍ഡ് ആ വഴി വന്നെന്നും സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു, യുവതികൾ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി വിചാരിച്ചു. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. തുടർന്നാണ് ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. പിന്നീട് അർച്ചനയുമായി പ്രതി വഴക്കിട്ടപ്പോൾ താൻ അങ്ങോട്ട് ചെന്നു. ആ സമയം പ്രതിയുടെ കൈയിൽ തൂങ്ങി നില്‍ക്കുകയായിരുന്നു അര്‍ച്ചന എന്നും ശങ്കര്‍ പറഞ്ഞു.
ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലൊണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. പൊലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് ശങ്കർ പറയുന്നത്. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് ശങ്കരാണ്. അര്‍ച്ചനയെ രക്ഷിച്ച ശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.