
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി മോഷണം. വർക്കലയിൽ ഒരു വീട്ടിലെ മൂന്നുപേർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ വയോധിക ഉൾപ്പെടെ ഉള്ളവർ ആശുപത്രിയിലാണ്. മോഷണം നടത്തിയ 5 അംഗ സംഘത്തിലെ 2 പേരെ നാട്ടുകാർ പിടികൂടി. വീട്ടുജോലിക്ക് എത്തിയ നേപ്പാൾ സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വർക്കല ഹരിഹരപുരം എൽപി സ്കൂളിന് സമീപമാണ് സംഭവമുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി, മരുമകൾ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയത്. രണ്ടാഴ്ചയായി ഇവിടെ നേപ്പാൾ സ്വദേശിയായ യുവതി വീട്ടുജോലിക്ക് വരുന്നുണ്ടായിരുന്നു. ഇവരും ഇവരുടെ കൂട്ടാളികളായ 4 പുരുഷൻമാരും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്ന പ്രാഥമിക വിവരം. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് വീട്ടിലുളളവരെ മയക്കിയതെന്നാണ് പ്രാഥമിക വിവരം. 4പേർ എത്തി വീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുകയായിരുന്നു. ശ്രീദേവിയമ്മയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഇയാൾ അമ്മയെയും ഭാര്യയും ഫോണിൽ മാറിമാറി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുവിനെ വീട്ടിലേക്ക് അയച്ചപ്പോഴാണ് മോഷ്ടാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയത്. ഇതിലൊരാളെ നാട്ടുകാർ അപ്പോൾ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇവർ 2 പേരും നേപ്പാൾ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടെയും മറ്റ് രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കുടുംബാംഗങ്ങൽ മൂന്ന് പേരും ഇപ്പോൾ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുകയുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam