
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ എതിര്‍സ്വരം. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം ഉന്നയിച്ചു. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. വിസി നിയമനത്തിലെ സമവായം പാർട്ടിയും അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായി സമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. അതേസമയം, യോഗത്തിൽ എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
വിസി നിയമനത്തിന് പിന്നാലെ ഗവർണ്ണർക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി, കേരള രജിസ്ട്രാറായിരുന്ന കെഎസ് അനിൽകുമാറിനെ സര്‍ക്കാര്‍ മാറ്റി. സസ്പെൻഷനിലായിരുന്ന അനിൽകുമാറിനെ തിരികെ നിയമിക്കാൻ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത സർക്കാർ ഒടുവിൽ സമവായത്തിന് വഴങ്ങി പിൻവാങ്ങുകയായിരുന്നു. അനുനയത്തിന്‍റെ ഭാഗമായി നിയമിക്കപ്പെട്ട കെടി യു വിസി സിസ തോമസ് ഇന്ന് പ്രതിഷേധങ്ങളൊന്നുമില്ലാതെ ചുമതലയേറ്റു. വേണ്ടപ്പെട്ടവരെ കൈവിട്ടും ഇഷ്ടമില്ലാത്തവരെ അംഗീകരിച്ചും ഗവർണ്ണറുമായി ഭായ് ഭായിയായി തുടരുകയാണ് സർക്കാർ. സെനറ്റ് ഹാളിലെ ഭാരതാംബാ ചിത്രത്തിനെതിരെ നടപടി എടുത്തതോടെയാണ് രജിസ്ട്രാർ അനിലിനെ ഗവർണ്ണറുടെ പിന്തുണയോടെ വിസി സസ്പെൻഡ് ചെയ്തത്. പിന്നീട് കേരള സർവകലാശാലയിൽ അസാധാരണ സംഭവങ്ങളാണ് കണ്ടത്. സസ്പെൻഷനിലായിട്ടും അനിൽകുമാർ ഒരു മാസത്തോളം സർക്കാറിന്‍റെയും സിപിഎമ്മിന്‍റെയും പിന്തുണയിൽ ഓഫീസിലെത്തി. എസ്എഫ്ഐ വിസിക്കെതിരെ കലാപസമാന പ്രതിഷേധം നയിച്ചു. ഇതിനെല്ലാം ഒടുവിലാണ് ഗവർണ്ണറുമായുള്ള ഒത്ത് തീർപ്പിൽ എല്ലാം സെറ്റിൽമെൻറാക്കിയത്. അനിൽകുമാറിനെ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം കോളേജിലേക്ക് തിരികെ നിയമിച്ചു. അനിൽകുമാറിന്‍റെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് വിശദീകരണം. സസ്പെൻഷനെതിരെ അനിൽകുമാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറെ പ്രീതിപ്പെടുത്തിയുള്ള മാറ്റം.
ആദ്യത്തെ പ്രധാന സെറ്റിൽമെൻറായിരുന്നു മുഖ്യമന്ത്രി വരെ എതിർത്ത സിസ തോമസിനെ അംഗീകരിക്കൽ. 2002ൽ സർക്കാറിനെ വെട്ടി ഗവർണ്ണർ സിസയെ കെടിയു വിസിയാക്കിയപ്പോൾ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്എഫ്ഐ വിസിയെ തടയുന്ന സംഭവങ്ങളുമുണ്ടായി. ഇടത് ജീവനക്കാരും പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നു. ഒപ്പിടാൻ ഹാജർ ബുക്ക് പോലും സിസ തോമസിന് ലഭിച്ചില്ല.എന്നാലിപ്പോൾ ഗവർണ്ണറും സർക്കാർ ധാരണയിലെത്തിയപ്പോൾ സമാധാന അന്തരീക്ഷത്തിലാണ് സിസയുടെ ചുമതലയേറ്റത്. സർക്കാറിന് പ്രിയപ്പെട്ട സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയാക്കാനാണ് സിസയോടുള്ള എതിർപ്പ് മാറ്റിയത്. വൻപോരിനൊടുവിലെ സമവായത്തിന് പിന്നിൽ അന്തർധാരയെന്നാണ് കോണ്‍ഗ്രസ് ആരോപണം. 31 ലക്ഷം രൂപയാണ് വിസി നിയമന സെർച്ച് കമ്മിറ്റിക്കായുള്ള ചെലവ്. പോരടിക്കാൻ കോടതിയിലും ലക്ഷണങ്ങളാണ് ചെലവിട്ടത്. ഈ സംഭവങ്ങള്‍ക്കിടെയാണ് സമവായ നീക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയിലും എതിര്‍പ്പുയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam