സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി മുൻ എംഎൽഎയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത്. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി കമ്മിറ്റികൾ അറിയാതെയാണെന്നും അർഹതയുള്ളവരെ തഴഞ്ഞെന്നും വിമ‍ർശനം.  

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികളറിയാതെയെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗ് നേതാവ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു.

'സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്- രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂ‍ർണ്ണരൂപം 

ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി. അഷഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.

പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു.എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.