
കൊച്ചി: ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. ഹർജി ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം, ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്. എന്നാൽ സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീർക്കേണ്ട വിഷയം സർവ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് പ്രവർത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.
Also Read: വീണ്ടും കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും
നവംബർ 4 ന് ചേരുന്ന സർവ്വകലാശാല സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സർവ്വകലാശാല ഇന്ന് അറിയിക്കണം. ഗവർണ്ണർ പുറത്താക്കിയ അംഗങ്ങൾക്ക് നവംബർ 4 ന് ചേരുന്ന സെനറ്റിൽ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. അതേസമയം, വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വി സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്നും ഗവർണർ കോടതിയെ അറിയിച്ചിരുന്നു.