
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കുള്ള പൊലീസ് സുരക്ഷ വെട്ടിചുരുക്കിയതിൽ പ്രതികരണവുമായി വിഡി സതീശൻ. സർക്കാർ ആവശ്യപ്പെട്ടാൽ തൻ്റെ ഔദ്യോഗിക വസതിയും ഔദ്യോഗിക കാറും തിരികെ കൊടുക്കാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. നിയമസഭാ മീഡിയ റൂമിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൊലീസ് സുരക്ഷ പിൻവലിച്ചതിൽ എനിക്ക് വ്യക്തിപരമായി യാതൊരു പരാതിയുമില്ല. പക്ഷേ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അത്ര വലിയ സ്ഥാനമല്ല ചെറിയൊരു സ്ഥാനമാണെന്ന് എന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താൻ വേണ്ടിയെടുത്ത തീരുമാനമാണ് ഇതെങ്കിൽ അതിലൊരു വിരോധവുമില്ല, ഒന്നൂടെ അതു ബോധ്യപ്പെടുത്തി തരാനും ഞാൻ തയ്യാറാണ്. ഇനി ബാക്കിയുള്ളത് ഔദ്യോഗിക വസതിയും കാറുമാണ്. സർക്കാർ ആവശ്യപ്പെട്ടാൽ അതും തിരിച്ചു കൊടുക്കാൻ ഞാൻ തയ്യാറാണ്. ഞാൻ ഇതിലൊന്നും ഭ്രമിക്കുന്നയാളല്ല. ഇതൊന്നും എന്നെ സംബന്ധിച്ചൊരു വിഷയമല്ല. പക്ഷേ വർഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തിൽ ഒരു സ്റ്റാറ്റസുണ്ട്. അതിടിച്ചു താഴ്ത്താനാവും സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതുെകാണ്ടൊന്നും എൻ്റെ സ്ഥാനം താഴില്ല. മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ചീഫ് വിപ്പിന്റെയും ഒക്കെ താഴെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തനിക്ക് ഇസഡ് കാറ്റഗറിയിലെ സുരക്ഷ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചത്. അവർ തന്നെ വന്ന് തനിക്കുള്ള സൗകര്യങ്ങളെല്ലാം വിശദീകരിക്കുകയും ചെയ്തു. എന്നാൽ തനിക്ക് വിപുലമായ സുരക്ഷാ സൗകര്യങ്ങൾ വേണ്ടെന്ന് അവരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. തണ്ടർബോൾട്ടോ മറ്റു സേവനങ്ങളോ വലിയ എസ്കോർട്ടോ വേണ്ടെന്ന തീരുമാനം നേരത്തെ അറിയിച്ചതാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരക്കേറിയതും സംഘർഷ സാധ്യതയുള്ളതുമായ പ്രദേശങ്ങളും സന്ദർശിക്കേണ്ടി വരാം എന്നതിനാൽ ഒരു പൈലറ്റ് വാഹനത്തിൻ്റെ സേവനം മാത്രം മതിയെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam