
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുൾക്കൊണ്ട് തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ചെറിയ പക്ഷമാണ്. മുതിർന്ന നേതാക്കൾ എതിർപ്പുയർത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'എൽഡിഎഫിന് 99-ൽ നിര്‍ത്താം' തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങി ഉമാ തോമസ്
തൃക്കാക്കര: ഹൈക്കമാൻഡിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് (Uma thomas Started Campaign in Thrikkakara). ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഉമ സ്ഥാനാര്‍ത്ഥിത്വം നൽകിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു. തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഉമ കോണ്‍ഗ്രസ് നേതാക്കളുടെ വിളി വന്നതോടെ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. വൈകാതെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടു ദില്ലിയിൽ നിന്നും പ്രഖ്യാപനമെത്തി. നേരെ മാധ്യമങ്ങൾക്ക് മുന്നിലെത്തി പ്രചാരണം തുടങ്ങിയതായി പറഞ്ഞ ഉമ അയൽവാസികളെ കണ്ട് വോട്ടു തേടി കൊണ്ട് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാൻ സാധിച്ചതോടെ തൃക്കാക്കരയിൽ ആദ്യചുവട് വയ്ക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.