പിണറായി പഴയതായാലും പുതിയതായാലും പേടിയില്ല, പ്രതിഷേധം വിഷയമല്ലെങ്കിൽ പിന്നെ 42 അകമ്പടി വാഹനമെന്തിന്: വിഡി സതീശൻ

Published : Feb 27, 2023, 01:43 PM IST
പിണറായി പഴയതായാലും പുതിയതായാലും പേടിയില്ല, പ്രതിഷേധം വിഷയമല്ലെങ്കിൽ പിന്നെ 42 അകമ്പടി വാഹനമെന്തിന്: വിഡി സതീശൻ

Synopsis

ആദ്യം ഇപിയെ ഗോവിന്ദൻ മാഷിന്റെ ജാഥയിൽ പങ്കെടുപ്പിക്കാൻ നോക്ക്, അവിടത്തെ അടിയൊഴുക്ക് തീർത്ത് ഇവിടെയുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ വരൂ

തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രിയുമായി കൊമ്പ് കോർത്ത് പ്രതിപക്ഷ നേതാവ്. യൂത്ത് കോൺ​ഗ്രസ് സമരത്തിനെതിരായ പൊലീസ് ലാത്തിചാർജ്ജ് സഭ നി‍ർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ ഷാഫിയുടെ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ സ്പീക്ക‍ർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ സംസാരിച്ചത്. 

ഒരു കാലത്ത് താൻ ഒരു സുരക്ഷയുമില്ലാതെ ഒറ്റയ്ക്ക് നടന്ന ആളാണ് താനെന്നും അറിയണമെങ്കിൽ കെ.സുധാകരനോട് ചോദിച്ചാൽ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമ‍ർശത്തിന് പഴയ പിണറായിയേയും പുതിയ പിണറായിയേയും പേടിയില്ലെന്ന് വിഡി സതീശൻ മറുപടി നൽകി. യൂത്ത് കോൺ​ഗ്രസുകാരുടെ സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് നൂറുകണക്കിന് പൊലീസുകാരെ വഴി നീളെ നി‍ർത്തിയും 42 അകമ്പടി വാഹനങ്ങൾ ഇറക്കിയും സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

അതേസമയം വിഡി സതീശൻ്റെ പ്രസംഗത്തിനിടെ ഭരണപക്ഷത്ത് നിന്നുള്ള എംഎൽഎമാർ ബഹളം വച്ചതോടെ സഭ നിർത്തി വയ്ക്കേണ്ടി വന്നു. സതീശൻ്റെ പ്രസംഗം ഭരണപക്ഷം തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി ഡയസിലെത്തി. ബഹലം കൈവിട്ടതോടെ സ്പീക്കർ താത്കാലികമായി സഭ നിർത്തി വച്ചു. പിന്നീട് വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷ നേതാവ് പ്രസംഗം പുനരാരംഭിച്ചെങ്കിലും അതും ബഹളത്തിൽ കലാശിച്ചതോടെ സഭപിരിഞ്ഞു. 

വിഡി സതീശന്റെ വാക്കുകൾ - 

ഇത് സ്റ്റാലിന്റെ നാടല്ല, 4500 കോടി രൂപയുടെ നികുതി ഭാരമാണ് ബജറ്റ് നിർദേശങ്ങളിലൂടെ ജനങ്ങൾക്ക് മേൽ ഉണ്ടാക്കുന്നത്. പതിനായിരക്കണക്കിന് കോടിയുടെ നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥത നിലനിൽക്കുമ്പോൾ ആണ് അധിക നികുതിയുമായി വരുന്നത്. സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ നികുതി കെട്ടിവയ്ക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിച്ചു. ഇപ്പോ പറയുന്നു പ്രതിഷേധക്കാർ  ആത്മഹത്യാ സ്ക്വാഡുകളാണെന്ന്. ഞങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ ജനം വീട്ടിലിരിക്കേണ്ട അവസ്ഥയെ കുറിച്ചാണ് പ്രതിപക്ഷം പറഞ്ഞത്. ഒരാൾ രണ്ടാൾ എന്നൊക്കെ പറയുന്നു... എന്നാ പിന്നെ എന്തിനാണ് അവരെ പേടിച്ച് കരുതൽ തടങ്കലിലാക്കുന്നത്. പിന്നെ എന്തിനാ ഉറങ്ങി കിടക്കുന്ന യൂത്ത് കോൺഗ്രെസ്സുകാരെ കരുതൽ തടങ്കലിലെടുക്കുന്നത്, 42 സുരക്ഷാ വാഹനങ്ങളുമായി മുഖ്യമന്ത്രി സഞ്ചരിക്കുന്നത് എന്തിനാണ്?

ഒരു ജില്ലയിലെത്തിയാൽ മുഴുവൻ പോലീസിനേയും മുക്കിലും മൂലയിലും നിർത്തുകയാണ്. ഒരു കരിങ്കൊടി കാണിക്കാൻ വരുന്നവരെ ഭയന്ന് 100 കണക്കിന് പോലീസുകാർക്ക് ഉള്ളിൽ എന്തിനാണ് മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത്. എകെജിയുടെ ആത്മകഥയിൽ കരുതൽ തടങ്കലിനെതിരെ പറയുന്നുണ്ട്, അത് വായിക്കണം. കറുപ്പിനോട് ദേഷ്യമില്ലെങ്കിൽ പിന്നെ മരണ വീടിനു മുന്നിലെ കറുത്ത കൊടി അഴിച്ചു മാറ്റിയത് എന്തിനാണ്. കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്‌ വിഭാഗത്തെ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. അവരുടെ കറുത്ത വസ്ത്രം അഴിപ്പിച്ചു.

ഭരണഘടന വിരുദ്ധമായവ ചൂണ്ടിക്കാട്ടും അപ്രിയ സത്യങ്ങൾ പറയേണ്ടി വരും. പൊലീസിൻ്റെ ക്രൂരതയെ കുറിച്ചാണ് പറഞ്ഞ് വന്നത്. അടിച്ചമർത്തിയും ദുർബലമാക്കിയും നേരിട്ടാൽ പ്രതിപക്ഷം അംഗീകരിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞാണോ അറിയാതെയാണോ എന്ന് അറിയില്ല. സിപിഎം ചെയ്ത പോലെ ഒരു അക്രമ സമരവും യുഡിഎഫ് ചെയ്തിട്ടില്ല. കരിങ്കൊടി കാണിച്ചാൽ എന്താണ് പ്രശ്നം? വാഹനം പോകുമ്പോൾ കരിങ്കൊടി കാട്ടിയാൽ എന്താണ് പ്രശ്‍നം?

മുഖ്യമന്ത്രിയുടെ വാഹനം എവിടെയും തടഞ്ഞിട്ടില്ല. പരിമിതമായ നിയന്ത്രിതമായ സമരങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പറയാനുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. കരുതൽ തടങ്കലിനെതിരെ നിയമപരമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ആണ് പാലക്കാടേക്ക് പോയത്. മിവ ജോളിയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആണ് ഷാഫിയെയും കയ്യേറ്റം ചെയ്തത് അയാൾക്ക് എതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമോ? ഇപി പ്രതിപക്ഷ സമരങ്ങളെ പരിഹസിക്കുകയാണ്. ആദ്യം ഇപിയെ ഗോവിന്ദൻ മാഷിന്റെ ജാഥയിൽ പങ്കെടുപ്പിക്കാൻ നോക്ക്, അവിടത്തെ അടിയൊഴുക്ക് തീർത്ത് ഇവിടെയുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ വരൂ...നികുതിക്കെതിരായ സമരം നിർത്താനാണ് പൊലീസ് പറയുന്നത്. പ്രതിപക്ഷത്തോട് അത് പറയാൻ പൊലീസിന് എന്ത് അധികാരമാണുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ