വനിതാ കമ്മീഷന്‍റെ വിശ്വാസ്യത ഇല്ലാതാക്കി; എംസി ജോസഫൈൻ രാജിവക്കണമെന്ന് വിഡി സതീശൻ

By Web TeamFirst Published Jun 25, 2021, 1:10 PM IST
Highlights

സ്വര്‍ണ്ണക്കടത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അതിന്‍റെ അര്‍ത്ഥം സര്‍ക്കാര്‍ ഗുണ്ടാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണെന്നും വിഡി സതീശൻ

കോട്ടയം: മരം മുറി വിവാദത്തിൽ തുടങ്ങി രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലും വനിതാ കമ്മീഷൻ വിവാദത്തിലും വരെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമാനതകളില്ലാത്ത വനം കൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. വനം കൊള്ളയ്ക്ക് കൂട്ടു നിന്നത് മുൻ വനം മന്ത്രിയും രാഷ്ട്രീയക്കാരുമാണെന്ന് വിഡി സതീശൻ കോട്ടയത്ത് ആരോപിച്ചു. 9 ജില്ലകളിൽ സർക്കാർ കോടി കണക്കിന് രൂപയുടെ കൊള്ള നടത്തി.

ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വനം കൊള്ളയ്ക്ക് പിന്നിൽ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മുഖ്യപ്രതിയെ വിളിച്ചത് എന്തിനെന്ന് മുൻ വനം മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പ്രതി വിളിച്ച ദിവസമാണ് ലക്കിടി ചെക് പോസ്റ്റ് വഴി മരം കടത്തിയത്. മാഫിയ്ക്ക് കൂട്ടു നിന്ന മന്ത്രിമാരെ കൂടി പ്രതികളാക്കി ചേർത്ത് അന്വേഷണം നടത്തണം. മുൻ വനം - റവന്യൂ മന്ത്രിമാരെ പ്രതികളാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് നിരന്തരമായി സമരം നടത്തുമെന്നും വിഡി സതീശൻ പറഞ്ഞു. 

രാമനാട്ടുകര സ്വർണ്ണക്കടത്ത് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. സ്വര്‍ണ്ണക്കടത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അതിന്‍റെ അര്‍ത്ഥം സര്‍ക്കാര്‍ ഗുണ്ടാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണെന്നും വിഡി സതീശൻ ആരോപിച്ചു. 

ടെലിവിഷൻ പരിപാടിക്കിടെ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ എംസി ജോസഫൈൻ കമ്മീഷന്‍റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കി, അവർക്ത് മീതെ പാർട്ടിയും സർക്കാരും ഉണ്ടായിട്ടും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. വെള്ളരിക്കാപ്പട്ടണമായി കേരളം മാറി. ഡിവൈഎഫ് സർക്കാരിന് മംഗള പത്രം നൽകുന്ന സംഘടനകളായി അധപതിച്ചെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി . 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!