
കൊച്ചി: മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കം. സ്വന്തം പാർട്ടിക്കാരെ വളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും. പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തിൽ അഭിപ്രായം ചോദിക്കാൻ പോകുന്നത്? ഇതുവരെയുള്ള സർക്കാരിൻ്റെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇത് നടത്തുന്നത്. പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്. അതിന് തെളിവുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരെ സ്ഥിരപ്പെടുത്താൻ സിഐടിയുവും കത്ത് നൽകിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല. കോടതി ഉത്തരവ് അനുസരിച്ച് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാർട്ടിക്കാരെ ഖജനാവിൽ നിന്ന് പണമെടുത്ത് സഹായിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണിത്. ഈ പരിപാടികളിൽ നിന്ന് പിന്മാറണമെന്ന് വിനയപൂർവം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ആ പണം പാർട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam