
തിരുവനന്തപുരം:മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തത്തിൽ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.തീപ്പിടുത്തത്തിന് കാരണം ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡർ ആണെന്ന് വിവരമുണ്ട്. ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ട്. തെളിവ് നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ തിരികെക്കൊടുക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചൂട് കൂടുതലാണ് തീപ്പിടത്തത്തിന് കാരണമെങ്കിൽ ചൂടുകുറഞ്ഞ രാത്രിയിൽ തീപ്പിടുത്തം എങ്ങനെ ഉണ്ടായി?, സംഭരിച്ചു വെച്ച സമയത്ത് തീപ്പിടിക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
KMSCL ഗോഡൗണുകളിലെ തുടർച്ചയായ തീപ്പിടുത്തത്തിന് പിന്നാലെ പുതിയ സ്റ്റോക്ക് ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കുന്നതിലും അനിശ്ചിതത്വം. .പരിശോധകൾ പൂർത്തിയാവുന്നതിന് മുൻപേ, ബ്ലീച്ചിങ് പൗഡറിനെ പഴിചാരി സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ കമ്പനികൾക്ക് അതൃപ്തിയുണ്ട്. കൈപൊള്ളിയ പർച്ചേസിന് പിന്നാലെ ബ്ലീച്ചിങ് പൗഡർ കേന്ദ്രീകൃതമായി വാങ്ങുന്നത് അവസാനിപ്പിക്കാനും KMSCL ആലോചന തുടങ്ങി.
ഇനിയും തീപിടിക്കാൻ സാധ്യതയുണ്ടെന്ന അർത്ഥത്തിൽ അതീവജാഗ്രത വേണമെന്ന ജനറൽ മാനേജറുടെ മുന്നറിയിപ്പ് സന്ദേശം കൂടിയായതോടെ വെയർഹൗസ് മാനേജർമാർ മുള്ളിൽ നിൽക്കുന്ന സ്ഥിതിയാണ്. കോട്ടയത്ത് മാത്രമാണ് സ്റ്റോക്ക് ഭാഗികമായെങ്കിലും തിരിച്ചെടുത്ത് തുടങ്ങിയത്. . കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ അടിസ്ഥാനമാകേണ്ട, സർക്കാർ പ്രഖ്യാപിച്ച സമഗ്ര അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലവും വന്നിട്ടില്ല. ഇതൊന്നുമില്ലാതെ തോന്നലിന്റെ പുറത്ത് ബ്ലീച്ചിങ് പൗഡർ പിൻവലിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്.
ഗുണനിലവാരത്തിൽ പ്രശ്നമില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനാഫലം. പക്ഷെ സമഗ്ര പരിശോധനയാണ് നിർണായകം.സ്റ്റോക്ക് അപ്പാടെ തിരിച്ചെടുത്താൽ സംസ്ഥാനത്ത് ബ്ലീച്ചിങ് പൗഡർ കിട്ടാനില്ലാത്തെ സ്ഥിതിയിലേക്കും നീങ്ങിയേക്കും. കേന്ദ്രീകൃത പർച്ചേസ് ഒഴിവാക്കി ലോക്കൽ പർച്ചേസിലേക്ക് നീങ്ങാനാണ് KMSCL ആലോചന. ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതിൽ KMSCLനുണ്ടായ വീഴ്ച്ചകൾ വ്യക്തമാക്കുന്നതാണ് ഇതെല്ലാം.പക്ഷെ നടപടിയെടുത്ത് ജനത്തോട് വിശദീകരിക്കേണ്ട ആരോഗ്യവകുപ്പാകട്ടെ കോർപ്പറേഷനൊപ്പം ദുരൂഹമായ മൗനം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam