
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പിരിവ് കാര്യക്ഷമമല്ല. ജ്യത്ത് ജിഎസ്ടി വരുമാനം ഏറ്റവും കൂടുതൽ കിട്ടേണ്ട ഇടം കേരളമാണ്. സ്വർണക്കടകളിൽ നിന്നും ബാറുകളിൽ നിന്നും നികുതി പിരിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവിക്കൊണ്ടില്ല. എങ്ങിനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് അറിയാതെ ധനമന്ത്രി ബാലഗോപാൽ പ്രയാസപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് കാരണക്കാരൻ തോമസ് ഐസകാണ്. അതിന് യുഡിഎഫ് എംപിമാരെ കരുവാക്കേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് എംപിമാർ കേന്ദ്രത്തിന് പരാതി നൽകിയില്ലെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. ധനമന്ത്രി ഒരിക്കലും എംപിമാരെ വിളിച്ചിട്ടില്ല. കെ ഫോണിൽ 36 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി. മുഖ്യന്ത്രിയാണ് ഇക്കാര്യത്തിൽ പ്രതി. പാലാരിവട്ടം കേസിൽ എന്തിനാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത്? അതും മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്ത പേരിലാണ്. അവിടെ പലിശ ഉണ്ടായിരുന്നു. എന്നാൽ ഇവിടെ സ്റ്റോർ പർചേസ് മാന്വൽ ലംഘിച്ച് പലിശയില്ലാതെ പണം കൊടുത്താണ് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ചാണെന്ന് വിഡി സതീശൻ വിമർശിച്ചു. ഭൂപതിവ് ചട്ടം ലംഘിച്ചു. നോട്ടീസ് നൽകിയിട്ടും പണി നിർത്തിയില്ല. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ക്രിമിനൽ കേസെടുക്കണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ഒത്തുതീർപ്പിലാണ്. കുഴൽപ്പണ കേസിൽ അറസ്റ്റിലാവേണ്ടയാളാണ് കെ സുരേന്ദ്രൻ. രാത്രിയിൽ പിണറായി വിജയന്റെ കാലുപിടിച്ച് കുഴൽപ്പണ കേസിൽ രക്ഷിക്കണേയെന്ന് പറഞ്ഞയാളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അനുജനെ പോലെ കെ സുരേന്ദ്രനെ സംരക്ഷിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam