
തിരുവനന്തപുരം: സ്വപ്ന പദ്ധതിയായി പിണറായി സർക്കാർ അവതരിപ്പിച്ച കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇന്ന് തിരശ്ശീല വീഴുമോ? വി ഡി സതീശൻ സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലിൽ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ വി ഡി സതീശൻ സർക്കാർ റദ്ദാക്കിയേക്കും എന്നാണ് സൂചന. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ ഔദ്യോഗികമായി വലിച്ചെറിയാൻ തീരുമാനമെടുത്തേക്കും. പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ യു ഡി എഫ് നേതാക്കൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സർക്കാർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായേക്കും. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും, അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. അതേസമയം വി ഡി എസ് സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും പരിശോധിക്കും. ഇന്ന് 9 മണിക്കാണ് മന്ത്രിസഭ യോഗം ചേരുക.
അതേസമയം വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയില്ല. വകുപ്പ് വിഭജനത്തിൽ തർക്കം ശക്തമായി തുടരുന്നതാണ് പ്രതിസന്ധിയുടെ കാരണം. ഇന്ന് രാവിലെ ഒൻപത് മണിക്ക് വി ഡി എസ് സർക്കാരിന്‍റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. മന്ത്രിസഭായോഗത്തിലെങ്കിലും അന്തിമ തീരുമാനം ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. വകുപ്പ് തർക്കത്തിന് പരിഹാരമായാൽ പട്ടികയുമായി മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചേക്കും. ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം തുടരുന്നത്. ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുകയാണ്. ഫിഷറീസ് നൽകാതെ ഉന്നതവിദ്യാഭ്യാസം വിട്ടുനൽകില്ലെന്നാണ് ലീഗ് നിലപാട്. സഭക്ക് ഇത്ര വഴങ്ങണോ എന്നതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ചോദ്യം. കെ മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ പി അനിൽകുമാറിന് നൽകിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. കെ മുരളീധരന് ആരോഗ്യത്തിന് പുറമേ, സ്പോർട്സ് കൂടി നൽകാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പക്കലുള്ള കൂടുതൽ വകുപ്പുകൾ കെ സി പക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും വിട്ടുനൽകാൻ സതീശൻ തയ്യാറായിട്ടില്ല. അതേസമയം ടി സിദ്ദിഖ്, എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവരുടെ വകുപ്പുകളിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam