
തിരുവനന്തപുരം: സിനഡ് ആസ്ഥാനത്തേക്ക് സ്വകാര്യ വാഹനത്തിൽ പോയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് തീർന്നത് കൊണ്ട് കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്തതിന് ശേഷം വേറെ വണ്ടിയെടുത്തുകൊണ്ടാണ് താൻ പോയതെന്നും പരസ്യമായിട്ടായിരുന്നു സന്ദർശനമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സിനഡിന്റെ ആസ്ഥാനത്ത് പോകാൻ വേറെ വണ്ടിയെടുക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ളവരെ അദ്ദേഹം കണ്ടു. രാത്രിയായിരുന്നു സിനഡിൽ എത്തിയത്. സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്തതാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിൽ പ്രതിപക്ഷ നേതാവ് എത്തിയത്. പൊലീസിന്‍റെ പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാഹനവും ഒഴിവാക്കിയായിരുന്നു സന്ദർശനം. പിന്നാലെയാണ് കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്കെന്ന ചർച്ച ശക്തമായത്. എന്നാൽ, എൽഡിഎഫിൽ തന്നെ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും പിണറായിയും നാളെ ഓർമയാകും, എന്നാൽ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകൾ ചരിത്രത്തിൽ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam