
കൊച്ചി : എ ഐ ക്യാമറാ വിവാദത്തിലെ പ്രതിപക്ഷ ഹർജിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹർജിക്കാരുടേത് രാഷ്ട്രീയ ലക്ഷ്യമല്ലെന്നും പൊതുനൻമയെ കരുതിയാണെന്നും വ്യക്തമാക്കിയാണ് പ്രതിപക്ഷ നേതാവ് സത്യവാങ്മൂലം നൽകിയത്. എ ഐ ക്യാമറായിൽ മാത്രമല്ല, ലൈഫ് മിഷനിലും കൊവിഡ് പർച്ചേസിലുമെല്ലാം സംസ്ഥാന ഖജനാവിന് പണം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിയ്ക്ക് കിട്ടിയ പല കരാറുകളും പരിശോധിക്കപ്പെടേണ്ടതാണ്. സമാന്തര നിഴൽ സംഘമാണ് സംസ്ഥാനത്തെ പല വികസന പദ്ധതികൾക്കും പിന്നിലെന്നും സതീശൻ കുറ്റപ്പെടുത്തുന്നു. എ ഐ ക്യാമറയിലടക്കം നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.
റോഡ് സുരക്ഷയ്ക്കായുള്ള എ ഐ ക്യാമറ പദ്ധതിക്ക് കോടതി അനുമതിയില്ലാതെ പണം നൽകരുതെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. പദ്ധതി വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നറിയാൻ കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. കരാറിൽ ഏർപ്പെട്ടപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ തുക ചിലവായോ? അത് വഴി അധിക സാമ്പത്തിക ബാധ്യത വരുത്തിയോ എന്നും പരിശോധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എൻ വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ, ഗതാഗത വകുപ്പ്, കെൽട്രോൺ, എസ്.ആർ.ഐ.ടി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീയച്ചിട്ടുണ്ട്. ഹർജി നൽകിയ കോൺഗ്രസ് നേതാക്കളായ വിഡി സതീശനോടും, രമേശ് ചെന്നിത്തലയോടും അഴിമതിയുടെ ഭാഗമായിട്ടില്ലെന്ന സത്യവാങ്മൂലം നൽകാനും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് സത്യവാങ് മൂലം നൽകിയത്.
'ചലാൻ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികൾക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam