
വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയിൽ പനി ബാധിച്ചു മരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര.
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പത്തനംതിട്ടയിൽ ജനറൽ ആശുപത്രിയിൽ പനി ബാധിതർ നിറയുമ്പോൾ തൊട്ടടുത്ത കോന്നി മെഡിക്കൽ കോളേജ് നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. എന്നാൽ സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം.
രോഗികളുടെ കൂട്ടിരുപ്പുകാർ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വൈറൽ പനി മുതൽ ഡെങ്കി ബാധിച്ചവർ വരെ ഒരേ വാർഡിലാണ് ജനറൽ ആശുപത്രിയിൽ കഴിയുന്നത്. കിടക്കകളെല്ലാം നിറഞ്ഞിട്ട് ദിവസങ്ങളായി. രോഗം കലശലായാൽ രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam