ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി, എംഎം മണി മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്

Published : Feb 16, 2022, 12:20 PM IST
ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി, എംഎം മണി മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്

Synopsis

വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണം

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുക്കുന്നുവെന്ന് ചെയർമാൻ തന്നെ പറയുന്നു. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നു. 

വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാൻ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. എല്ലാം തള്ളിയത് പഴയ മന്ത്രിയാണ്. ട്രാൻസ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും ഇങ്ങനെയാണ് മറുപടി നൽകിയത്. പുതിയ മന്ത്രി കൃഷ്ണൻകുട്ടിയെ എംഎം മണി ഭീഷണിപ്പെടുത്തുകയാണെന്നും പാർട്ടി ഓഫീസ് പോലെയാണ് കെഎസ്ഇബി പ്രവർത്തിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.

കെഎസ്ഇബി ഭൂമിയിൽ നിയമവിരുദ്ധ നിർമ്മാണം

മൂന്നാറിൽ സഹകരണ സംഘത്തിന് കൈമാറിയ കെഎസ്ഇബി ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണവും നടത്തിയെന്ന് വ്യക്തമായി. ജില്ല കളക്ടറുടെ എൻഒസി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് നിർമ്മാണം നടത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. എൻഒസിക്ക് അപേക്ഷ നൽകിയ ശേഷമാണ് നിർമ്മാണം നടത്തിയതെന്ന് മൂന്നാർ സഹകരണ ബാങ്ക് പ്രസിഡൻറ് കെ വി ശശി.

വൈദ്യുതി ബോര്‍ഡിൻറെ കണ്ണായ സ്ഥലങ്ങളിൽ ഒന്നായ മൂന്നാർ ടാണിലെ ഭൂമിയാണ് സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയത്. ഹെഡ് വർക്സ് ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള അതീവ സുരക്ഷാ മേലയിലുള്ളതാണ് ഭൂമി. മുതിരപ്പുഴയാറിൻറെ മധ്യത്തിലാണിത്. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡൽ പാർക്കിനോട് ചേർന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്.

പതിനേഴര ഏക്കർ ഭൂമിയിൽ നാലരയേക്കറാണ് ബാങ്കിന് നൽകിയത്. വരുമാനത്തിൻറെ 21 ശതമാനം ആദ്യ ഘട്ടത്തിലും കാലവധി പൂർത്തിയാകുന്ന വർഷം 31 ശതമാനവും നൽകണമെന്നാണ് കരാർ. ഹൈക്കോടതി വിധിയെ തുടർന്ന് നിർമ്മാണ നിരോധനം നിലനിൽക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പിൻറെ എൻഒസി ഇല്ലാതെ അമ്യൂസ്മെൻറ് പാർക്കിൻറെ പണികൾ തുടങ്ങി. മുൻ ജില്ല കളക്ടർ മൗനാനുവാദം നൽകി. തണ്ണീർത്തടവും അണക്കെട്ടിൻറെ സംഭരണിയും മണ്ണിട്ട് നികത്തി. ഇതോടെ കോൺഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെട്ട് നിർമ്മാണം തടഞ്ഞു.

പത്തു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ഇതിനായി വിദേശത്ത് നിന്ന് സാധനങ്ങൾ എത്തിച്ചു. രണ്ടാം ഘട്ടത്തിലെ പത്തു കോടി രൂപയുടെ പദ്ധതിയിൽ ബിയർ ആൻറ് വൈൻ പാർലറും മിനി തിയേറ്ററും നിർമ്മിക്കാൻ തീരുമാനിച്ചു. കെഎസ്ഇബി ഭൂമി കൈമാറ്റത്തിലടക്കം കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ആരോപണം ഉയരുന്ന സ്ഥലങ്ങളിലൊന്നാണിത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം