മുഖ്യമന്ത്രി തര്‍ക്കത്തിൽ പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ, 'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'

Published : May 08, 2026, 05:33 PM ISTUpdated : May 08, 2026, 05:40 PM IST
VD Satheesan

Synopsis

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് നീണ്ടതോടെ പ്രതികരണവുമായി വിഡി സതീശൻ രംഗത്ത്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രവർത്തകരോട് ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുന്നതിനിടെ ആണ് വിഡി സതീശന്റെ അഭ്യര്‍ത്ഥന പുറത്തുവന്നിരിക്കുന്നത്.

വിഡി സതീശന്റെ വാക്കുകൾ...

102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു.

നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചിരുന്നു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ദില്ലിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. അതേസമയം, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും.

നിരീക്ഷകരുടെ റിപ്പോർട്ട് പുറത്ത്

മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെസി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്. അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ ചിത്രം യഥാർത്ഥമല്ല

അതേസമയം എം എൽ എമാരുടെ പിന്തുണ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങൾ മുകുൾ വാസ്നിക് തള്ളി. പത്രം പുറത്ത് വിട്ടത് യഥാർത്ഥ രേഖയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. എ ഐ സി സി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിൻറെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ചിത്രം പുറത്തുവിട്ട ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൻറെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എം എൽ എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് വിവരം. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എം എൽ എമാർ മാത്രമാണ് പിന്തുണച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാലാവധി തീരും മുൻപേ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് സച്ചിദാനന്ദൻ; സ്വാഭാവികമായി എല്ലാവരും ഒഴിയുമല്ലോയെന്ന് പ്രതികരണം
ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും