കാലാവധി തീരും മുൻപേ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് സച്ചിദാനന്ദൻ; സ്വാഭാവികമായി എല്ലാവരും ഒഴിയുമല്ലോയെന്ന് പ്രതികരണം

Published : May 08, 2026, 05:01 PM IST
K. Sachidanandan

Synopsis

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. കാലാവധി തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഭരണമാറ്റത്തിന്റെ ഭാഗമായാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

തൃശൂർ: കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. 'സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്' എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനാണ് സച്ചിദാനന്ദൻ. അക്കാദമിക്ക് പുറത്തേക്ക് സാംസ്കാരിക പരിപാടികൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അന്തർ ദേശീയ സാഹിത്യോത്സവും അദ്ദേഹത്തിന്‍റെ കാലത്ത് നടന്നു.

അധികാരം പാർട്ടിയെ നശിപ്പിക്കും എന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നും കമ്യൂണിസ്റ്റ് സഹയാത്രികനായ സച്ചിദാനന്ദൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പിൽ ഉണ്ട്. അവിടെ തുടർച്ചയായി ഭരണം കൈ വന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെട്ടു. അവർക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാർത്ഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക എന്നാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയും പ്രതികരണവുമായി സച്ചിദാനന്ദൻ രം​ഗത്തെത്തിയിരുന്നു. 10 കൊല്ലത്തിനിടയില്‍ കേന്ദ്രത്തിൽ അധികാരവും പണവും പി.ആര്‍ വര്‍ക്കും മാധ്യമ സ്വാധീനവും വര്‍​ഗീയ കാര്‍ഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തില്‍ എന്‍ഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര-മത മൈത്രീ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദമാകണം എന്നല്ല, മറിച്ച് അവരുടെ വോട്ട് ശതമാനം പൂജ്യമാകും വരെ നിരന്തരമായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ രഹസ്യ ധാരണകളും അട്ടിമറിയും കൊണ്ട് തമിഴ്നാടും ബംഗാളും കേരളത്തിലും ആവര്‍ത്തിക്കാന്‍ കേന്ദ്ര ഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവര്‍ക്ക് അറിയാമല്ലോയെന്നും അദ്ദേഹം കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും
'ആലപ്പുഴയിൽ നിന്നൊരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷം', നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി; 'മൂന്ന് പേരും യോഗ്യർ', ലീഗിനും സിപിഐക്കും വിമർശനം