
തിരുവനന്തപുരം: രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി എന്നാണ് വൈകാരികമായി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. മറ്റൊന്നും അന്വേഷിക്കാതെ അദ്ദേഹം ആവശ്യം മാത്രം കേട്ടു. പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേര് സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടത് എന്നും അദ്ദേഹം എഴുതി.
വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായിട്ട് രണ്ട് വർഷമായി. രണ്ട് വർഷം മുൻപ് ഒരു ബസിൽ പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും കഴിഞ്ഞ് ജീവന്റെ ഭാഗമായിരുന്ന ഇന്ദിരാഭവനോട് വിട പറഞ്ഞ് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. നിശബ്ദ നൊമ്പരത്തോടെ ഞാനടക്കം അനുഗമിച്ചു. ആയിരങ്ങളുടെ, പതിനായിരങ്ങളുടെ, ലക്ഷങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയുള്ള ഒരു യഥാർഥ ജനനായകന്‍റെ മടക്കം. ആശ്രയം തേടി വന്നവരോട്, ഫോണിന്‍റെ മറുതലയ്ക്കൽ ഉള്ളവരോട് കുലമേതന്നോ ജാതി ഏതെന്നോ രാഷ്ട്രീയം ഏതന്നോ ചിലപ്പോൾ പേര് എന്തെന്ന് പോലും അദ്ദേഹം ചോദിച്ചിട്ടില്ല. ആവശ്യം മാത്രം കേട്ടു. പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേര് സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് പാതയോരങ്ങൾ നിറഞ്ഞ് കവിഞ്ഞത്. അതുകൊണ്ടാണ് സാധാരണക്കാർ കണ്ണീരണിഞ്ഞത്. അതുകൊണ്ട് മാത്രമാണ് മറ്റാർക്കും കിട്ടാത്തൊരു യാത്ര അയപ്പ് ഉമ്മൻചാണ്ടിക്ക് മാത്രം കിട്ടിയത്. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേരും ഒ.സി എന്ന വിളിപ്പേരും ചരിത്രമായത്'