ജനക്ഷേമ മുന്നണി തീരുമാനത്തിൽ തെറ്റില്ല, വോട്ട് യുഡിഎഫിന് അനുകൂലമാകും: വിഡി സതീശൻ

By Kiran GangadharanFirst Published May 22, 2022, 4:15 PM IST
Highlights

ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫീന് അനുകൂലമാകുമെന്ന് വിഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി - ട്വന്റി, ആം ആദ്മി പാർട്ടികളുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരു പാർട്ടികളും ചേർന്ന ജനക്ഷേമ മുന്നണിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തൃക്കാക്കരയിൽ മത്സരിക്കാതിരുന്ന അവരുടെ തീരുമാനത്തെ മാത്രമാണ് താൻ നേരത്തെ സ്വാഗതം ചെയ്തത്. ഈ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫീന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യു ഡി എഫിലേക് വരുമെന്നും വിഡി സതീശൻ പ്രതീക്ഷ പങ്കുവെച്ചു.

ട്വന്റി ട്വന്റി പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിക്കൊന്നത് മറക്കാനാകുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കിറ്റക്സ് കമ്പനി പൂട്ടിക്കാൻ ശ്രമിച്ചതും ഇടത് സർക്കാരാണ്. ട്വന്റി ട്വന്റിയോടുള്ള സമീപനത്തിൽ സിപിഎം നിലപാട് മാറ്റികൊണ്ടിരിക്കുകയാണ്. 

സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ബദൽ സാധ്യത തേടുന്ന നാലാം മുന്നണി തൃക്കാക്കരയിൽ ആർക്കും പിന്തുണ നൽകുന്നില്ല. എല്ലാ മുന്നണികളും സഹായം തേടിയെന്ന് പറയുന്ന ജനക്ഷേമ സഖ്യം, സാഹചര്യം നോക്കി വോട്ട് ചെയ്യാനാണ് അണികൾക്ക് ആഹ്വാനം നൽകുന്നത്.  തൃക്കാക്കരയിൽ ഏതെങ്കിലും മുന്നണിക്ക് പരസ്യ പിന്തുണ നൽകിയാൽ ഭാവിയിൽ നാലാം ബദലിന് തിരിച്ചടിയാകുമെന്നാണ് സഖ്യത്തിൻറെ വിലയിരുത്തൽ. ഇടതു മുന്നണിയുമായി ഉടക്കിയ സാബുജേക്കബ്, കെ റെയിലിലടക്കം സമീപകാലത്ത് സ‍ർക്കാറിനെതിരെ നടത്തിയത് കടുത്ത വിമർശനങ്ങളാണ്. കെ റെയിലിലടക്കം മുൻ നിലപാടിൽ മാറ്റമില്ലെന്ന് പറയുമ്പോഴും ഇന്ന് വിമർശനങ്ങൾ നടത്താത്തതിലടക്കം എൽഡിഎഫിന് പ്രതീക്ഷയുണ്ട്.

അതേ സമയം സഖ്യം സ്ഥാനാർത്ഥിയെ നിർത്താത്തത് മുതൽ ആശ്വാസത്തിലാണ് യുഡിഎഫ്.  ട്വന്റി ട്വന്റിയും സിപിഎമ്മും തമ്മിലെ സമീപകാല പോരാട്ടങ്ങളിലും സാബുവിൻറെ സർക്കാർ വിരുദ്ധ നിലപാടുകളിലാണ് യുഡിഎഫ് കണ്ണ് വെക്കുന്നത്. ട്വൻറി ട്വൻറി പ്രവർ‍ത്തകൻ ദീപുവിറെ കൊലപാതകം അടക്കം ഓർമ്മിപ്പിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

കഴിഞ്ഞ തവണ ട്വൻറി ട്വൻറി സ്ഥാനാ‍ർത്ഥി തൃക്കാക്കരയിൽ പിടിച്ചത്  13897 വോട്ടാണ്. ആം ആദ്മി പാർട്ടിയും കൂടി ചേരുമ്പോൾ വോട്ടിൽ വൻതോതിൽ വർദ്ധനവുണ്ടാകുമെന്നാണ് സഖ്യത്തിൻറെ അവകാശവാദം. കൃത്യമായ  വോട്ട് ബാങ്കല്ലെങ്കിലും നിലവിലെ മുന്നണികളോട് അതൃപ്തിയുള്ള ഒരു വിഭാഗത്തിൻറെ വോട്ടാണ് നാലാം മുന്നണിക്ക് കിട്ടേണ്ടത്. ഈ വോട്ടർമാരുടെ നിലപാട് തൃക്കാക്കര ഫലത്തിൽ നിർണ്ണായകവുമാണ്.

click me!