"പുഷ്പ കിരീടം അല്ലെന്ന് അറിയാം"; സ്ഥാനലബ്ധിയിൽ വിസ്മയമെന്ന് വിഡി സതീശൻ

By Web TeamFirst Published May 22, 2021, 11:50 AM IST
Highlights

 പുഷ്പകിരീടമല്ലെന്ന വിശ്വാസം ഉണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാൻ കഠിന പരിശ്രമം നടത്തും

കൊച്ചി: യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടി കടന്ന് പോകുമ്പോഴാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്, ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പ്രതികരണത്തിൽ വിഡി സതീശൻ. കെ കരുണാകരൻ, എ കെ ആന്റണി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാര്‍ ഇരുന്ന കസേരയാണ്. സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു. 

പുഷ്പകിരീടമല്ലെന്ന വിശ്വാസം ഉണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാൻ കഠിന പരിശ്രമം നടത്തും. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണ വേണമെന്നും വിഡി സതീശൻ പറഞ്ഞു. 

കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തിൽ ഉണ്ടാകുകയെന്നും വിഡി സതീശൻ പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. 

കോൺഗ്രസിലെ തലമുറ മാറ്റം എന്നാൽ ഉമ്മൻ‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുടെ നിർദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയാത്മകമായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു . ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികൾ മറച്ചിടും. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്, ഗ്രൂപ്പ് അതിപ്രസരം പ്രവർത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശൻ പറഞ്ഞു

click me!