
എറണാകുളം: തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം എറണാകുളത്തു എത്തിയ വിഡി സതീശന് ആവേശോജ്ജ്വല സ്വീകരണം ഒരുക്കി പ്രവർത്തകർ. മുഖ്യമന്ത്രീ സതീശാ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ സതീശനെ വരവേറ്റത്. മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ എറണാകുളതത്തെ സ്വീകരണം അക്ഷരാർത്ഥത്തിൽ ടീം വി ഡി സതീശന്റെ ശക്തിപ്രകടനമായി മാറി.
തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശത്തിന് നടുവിലൂടെ 4 മണിക്കാണ് വി ഡി സതീശൻ സ്വന്തം തട്ടകമായ എറണാകുളത്തേക്ക് തിരിച്ചത്. എറണാകുളത്തെ മണ്ണിൽ എത്തുന്ന വിഡിയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകൾ ആണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും എംപി ഹൈബി ഈഡന്റെയും നേതൃത്വത്തിൽ നടന്നത്. കൃത്യം 6.50ന് വിഡി കൊച്ചിയിൽ ട്രെയിൻ ഇറങ്ങി.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ വിഡി സതീശനെ തോളേറ്റി. പ്രവർത്തകരുടെ സ്നേഹം ഏറ്റുവാങ്ങി ഡിസിസിയിലെത്തിയ വി ഡി സതീശൻ എറണാകുളം ജില്ലയിൽ നൂറുമേനി കൊയ്തതിന്റെ ആഹ്ലാദം കേക്കു മുറിച്ച് ആഘോഷിച്ചു. രാത്രിയിൽ പറവൂരിലേക്ക് മടങ്ങി. പറവൂരിലെ തെരഞ്ഞെടുപ്പ് വിജയാഘോഷവും നിർണായക ചർച്ചകൾക്ക് ദില്ലിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ നാളെ ഉണ്ടായേക്കും.
അതേസമയം, സ്വീകരണത്തിനിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam