
തിരുവനന്തപുരം: യു ഡി എഫിൽ ഉൾപ്പെടുത്താനായി നീക്കം നടത്തിയിട്ടില്ലെന്ന കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖറിന്‍റെ അവകാശവാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷ്ണുപുരം ചന്ദ്രശേഖർ തന്നെ നിരവധി തവണ കണ്ടെന്നാണ് സതീശൻ പ്രതികരിച്ചത്. തന്നെ കണ്ടു എന്ന കാര്യം വിഷ്ണുപുരം ചന്ദ്രശേഖർ നിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, കൂടിക്കാഴ്ച പിന്നെ എന്തിനായിരുന്നുവെന്ന് അദ്ദേഹം പറയട്ടെയെന്നും വ്യക്തമാക്കി. ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ എന്നും പിന്നെ എന്തിനാണ് കണ്ടതെന്ന കാര്യം വിഷ്ണുപുരം വിവരിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. യു ഡി എഫ് പ്രവേശനത്തിനായി ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിയടക്കം വിഷ്ണുപുരം ബന്ധപ്പെട്ടു. ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചെന്നും ഘടകകക്ഷി ആക്കണം എന്നായിരുന്നു ഡിമാൻഡെന്നും സതീശൻ വെളിപ്പെടുത്തി.
അസോസിയേറ്റ് മെമ്പർ ആക്കിയതാകാം താത്പര്യക്കുറവിന്‍റെ കാരണമെന്നും അത് പറ്റില്ലെങ്കിൽ യു ഡി എഫുമായി വിഷ്ണുപുരവും അദ്ദേഹത്തിന്‍റെ പാർട്ടിയും സഹകരിക്കണ്ട എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അവർ സഹകരിക്കണമെന്ന ഒരു നിർബന്ധവും യു ഡി എഫിന് ഇല്ല. രേഖമൂലം കത്ത് തന്നിട്ടുണ്ടായിരുന്നു, എല്ലാവരും തന്നിട്ടുണ്ട്. യു ഡി എഫ് പ്രവേശനത്തിനല്ലെങ്കിൽ പിന്നെ കണ്ടത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയും വിളിച്ചിരുന്നു. ഇക്കാര്യത്തിൽ യു ഡി എഫ് ഒരു ധാരണയിൽ എത്തിയത് ഇന്നാണ്. അസോസിയേറ്റ് മെമ്പർ ആയി ഇരിക്കാൻ താത്പര്യം ഉണ്ടായിരിക്കില്ല. കുറേ കാലമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഞങ്ങളോട് അഭ്യർഥിക്കാത്ത ആളെ പിടിച്ച് അസോസിയേറ്റ് മെമ്പർ ആക്കാൻ ഞങ്ങൾക്ക് എന്താ വേറെ പണി ഇല്ലേ എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കേരള കാമരാജ് കോൺഗ്രസ് പാർട്ടി യു ഡി എഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അംഗമാക്കാൻ ധാരണയായി എന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ വാർത്താസമ്മേളനത്തിലെ പ്രഖ്യാപനത്തെ തള്ളിയാണ് വിഷ്ണുപുരം പിന്നീട് വാർത്താ സമ്മേളനം നടത്തിയത്. യു ഡി എഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. തന്റെ അപേക്ഷ പുറത്തുവിടാൻ യു ഡി എഫ് നേതാക്കൾ തയ്യാറാകണമെന്നും വിഷ്ണുപുരം ആവശ്യപ്പെട്ടിരുന്നു. നിലവിൽ എൻ ഡി എ വൈസ് ചെയർമാനാണെന്നും വിഷ്ണുപുരം പറഞ്ഞു. എൻ ഡി എയുമായി അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണുപുരം എൻ ഡി എയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക് പ്രാപ്തിയുണ്ടെന്നും കൂട്ടിച്ചേർത്തു. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരിഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞിരുന്നു, അതുകൊണ്ട് ചാടിപ്പോകുകയാണെന്ന് കരുതരുത്. എൻ ഡി എ സമീപനം തിരുത്തണമെന്നും അടുത്ത എൻ ഡി എ യോഗത്തിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam