
തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. മന്ത്രിസഭാ യോഗത്തിൻറെ നോട്ടിലും ഒയാസിസ് കമ്പനിയെ പുകഴ്ത്തുന്നുണ്ട്. എത്ര കിട്ടിയെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു ചോദിക്കുമ്പോൾ വിശദീകരണത്തിനായി ഉച്ചക്ക് 2.45ന് എക്സൈസ് മന്ത്രി വാർത്താസമ്മേളനം വിളിച്ചു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് അനുമതി നൽകാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടിൽ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു.
കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഒയാസിസ് കമ്പനിയുടെ പ്രവർത്തനങ്ങളെ നോട്ടിലും പുകഴത്തുന്നുണ്ട്. മന്ത്രിസഭാ യോഗം അംഗീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് അനുമതിക്കുള്ള ഉത്തരവിറക്കുന്നത്. ഒരു കമ്പനിക്ക് മാത്രമായുള്ള വഴിവിട്ട സഹായത്തിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം, എത്രി കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ ചോദിച്ചു. നയംമാറ്റത്തിന് അനുസരിച്ചാണ് അനുമതി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും എക്സൈസ് മന്ത്രിയും വിശദീകരിക്കുന്നത്.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽപാദിപ്പിക്കാമെന്നുള്ള നയം മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഒയാസിസിന് ബ്രൂവറിയിലും ഡിസ്റ്റിലറിയിലും അടക്കം സമ്പൂർണ്ണ അനുമതി നൽകിയെന്നും പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. ചർച്ച നടക്കാതെ തീരുമാനമെടത്തതിൽ സിപിഐ അടക്കം എൽഡിഎഫിലെ ഘടകകക്ഷികളിൽ അതൃപ്തി പുകയുമ്പോഴാണ് കാബിനറ്റ് നോട്ട് കൂടി പുറത്തുവരുന്നത്.