'ആദ്യം സ്വന്തം കണ്ണിലെ തടിയെടുത്ത് കളയൂ, എന്നിട്ടാവാം പരിഹാസം'; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

By Web TeamFirst Published Jul 12, 2019, 12:20 PM IST
Highlights

ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും വി ഡി സതീശൻ

കണ്ണൂർ: ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി വി ഡി സതീശൻ. ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിർക്കുന്നതിന് പകരം കോൺഗ്രസിനെ പരിഹസിക്കുന്നത് ശരിയല്ല. ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും വി ഡി സതീശൻ ചോദിച്ചു. സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാൽ മതിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണെന്നും  എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'', എന്നും പിണറായി കൂട്ടിച്ചേർത്തു. 

ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്‍റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്‍റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്‍റെ ഉത്തരവാദിത്തം. അത് മറക്കരുത് - പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിഹാസരൂപത്തിലുള്ള പരാമർശത്തിനാണ് വി ഡി സതീശൻ മറുപടിയുമായെത്തിയിരിക്കുന്നത്. 
 

click me!